അമ്പലവയല്‍: വര്‍ണ്ണ വസന്തം വിരിയിച്ച് സഞ്ചാരികളുടെ മനം കവരുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമമേളയ്ക്ക് തുടക്കമായി. പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പ്രതീകമായ പൂപ്പൊലി ലോക ടൂറിസം ഭൂപടത്തില്‍ വയനാടിന് തനതായ ഒരു സ്ഥാനം നേടിക്കൊടിത്തിട്ടുണ്ട്. സ്വദേശത്തും വിദേശത്തും ഉള്ള പൂക്കളുകളുടെ വര്‍ണ്ണരാജി ആരെയും വിസ്മയിപ്പിക്കുന്നതാണ്. പൂപ്പൊലി പൂക്കളുകളുടെ വിസ്മയലോകം തീര്‍ക്കുക മാത്രമല്ല അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പൂക്കളുകളുടെ ആവശ്യകതയും മാര്‍ക്കറ്റിംഗ് സാധ്യതയും വെളിപ്പെടുത്തുന്നതുകൂടെയാണ്.
ജനുവരി ഒന്ന് മുതല്‍ 15 വരെ തുടരുന്ന പൂപ്പൊലി പുഷ്‌പോത്സവത്തില്‍ വിവിധ ഇനം സസ്യങ്ങള്‍കൊണ്ടും പൂക്കള്‍കൊണ്ടും മനോഹരമായ പൂന്തോട്ടം കാര്‍ഷിക സെമിനാറുകള്‍, സ്റ്റാളുകള്‍, കലാസന്ധ്യ എന്നിവയാണ് പ്രധാന ആകര്‍ഷണം. പൂപ്പൊലിയുടെ രണ്ടാമത്തെ ദിവസമായ തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ‘സംയോജിത കൃഷി സമ്പ്രദായം; വയനാടിലെ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഡോ, ജേക്കബ് ജോണ്‍ (ഡയറക്ടര്‍ ഓഫ് എക്‌സ്‌ടെന്‍ഷന്‍) അവതരിപ്പിക്കുന്ന കാര്‍ഷിക സെമിനാര്‍ ഉണ്ടാകും. വൈകുന്നേരം ഏഴ് മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും.
പൂപ്പൊലി വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള കാര്‍ഷിക സര്‍വ്വകലാശാലയും കൃഷിവകുപ്പും മറ്റ് അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകളും ഒരുമിച്ച് പൂകൃഷി വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. മറ്റ് കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യം പൂകൃഷിക്ക് ലഭ്യമാക്കണം. പൂകൃഷിക്ക് ആവശ്യമെങ്കില്‍ പ്രത്യേക പദ്ധതി തന്നെ രൂപീകരിക്കണം. മന്ത്രി അഭിപ്രായപ്പെട്ടു.