കടവത്തൂർ: നീണ്ട 35 വർഷങ്ങൾക്ക് ശേഷം അര നൂറ്റാണ്ടിൻ്റെ ബാല്യവും യൗവ്വനത്തിൻ്റെ തുടിപ്പുമായി പഴയ എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥിനികൾ പാർക്കിൽ കൂടിച്ചേർന്നപ്പോൾ അവർ വീണ്ടും സ്ക്കൂൾ കുട്ടികളായി മാറി. അവരിൽ അധ്യാപികമാരും ബിസിനസ്കാരും വീട്ടമ്മമാരും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരും ഉണ്ടായിരുന്നു.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പല ഭാഗങ്ങളിൽ ചേക്കേറിയവരും ഉണ്ടായിരുന്നു. 50 വയസായെങ്കിലും എല്ലാവരുടെയും ഉള്ളിൽ കുട്ടിത്തമായിരുന്നു. സ്നേഹവും കരുതലും സ്നേഹത്തലോടലുമായി ഒത്തുചേർന്നപ്പോൾ അവർ പഴയ പത്താം ക്ലാസിലേക്ക് തിരിച്ചു പോയി. ആടിയും പാടിയും കുട്ടിത്തം നിറഞ്ഞ കുസൃതികളിലൂടെയും ബാല്യത്തിലേക്ക് തിരിച്ചു നടന്നു. സ്നേഹ സമ്മാനങ്ങൾ പങ്കു വെച്ചും ഓർമ്മകൾ അയവിറക്കിയും പാട്ടു മത്സരം നടത്തിയുംസ്നേഹക്കടലിൽ ആറാടി.
ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തണമെന്ന മോഹവുമായാണ് കടവത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 87-88 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥിനികൾ കുറ്റ്യാടി MM അഗ്രി പാർക്കിൻ്റെ മനോഹരമായ സ്നേഹത്തണലിൽ ഒത്തുചേർന്ന് സൗഹൃദം പങ്കു വെച്ചത്. 25 പേരിൽ 18 പേരും പങ്കെടുത്തു.
ഊഞ്ഞാലാടിയും റൈഡുകളിൽ കയറിയും അവർ കുട്ടിത്തം നിലനിർത്തി. ഇഷ്ടഗാനങ്ങൾ പാടിയുള്ള ബോട്ടു സവാരി എല്ലാവരെയും ആനന്ദസാഗരത്തിലാറാടിച്ചു. ബാല്യത്തിൻ്റെ മാധുര്യമൂറുന്ന പഴയ കാല മിഠായികൾ ബാല്യകാലസഖിമാർ പരസ്പരം കൈമാറി.എൻ ലൈല, കെ എം സുലൈഖ ടീച്ചർ, കെ മറിയം, എ കെ ഫൗസിയ, എൻ റൈഹാനത്ത്, കെ . കെ . സുലൈഖ ഖഎന്നിവർ നേതൃത്വം നൽകി.