ഐക്യ സന്ദേശവുമായിമദീന ഇമാമിന്‍റെ ഇന്ത്യ സന്ദർശനം

Analysis

ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി

ഹറം ഇമാം ശൈഖ് ഡോ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാന്റെ ഇന്ത്യ സന്ദർശനം രാജ്യത്തെ മുസ്‌ലിംകൾക്ക് വലിയ ആവേശമായി മാറി.സമാധാന സന്ദേശവുമായി ലോക രാജ്യങ്ങളിലേക്ക് ഹറമിലെ ഇമാമുമാരെ നിയോഗിക്കുന്നതിന്റെ ഭാഗമായാണ് മദീന ഇമാം ഇന്ത്യയിൽ എത്തിയത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ നിലനിൽക്കുന്ന ഊഷ്മളമായ ബന്ധത്തിന്റെ അടയാളം കൂടിയാണ് ഇമാമിന്റെ സന്ദർശനം. ഇമാമിന്റെ ഇന്ത്യ സന്ദർശനം വിജയകരമാക്കാൻ കേന്ദ്ര സർക്കാർ അതിവേഗം കാര്യങ്ങൾ നീക്കി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഇന്ത്യയിൽ രണ്ടു സമ്മേളനങ്ങളിൽ സംബന്ധിക്കുക, വെള്ളിയാഴ്ച പ്രാർത്ഥനക്ക് നേതൃത്വം നൽകുക എന്നതായിരുന്നു മദീന ഇമാമിന്റെ സന്ദർശനത്തിൽ പ്രധാനം. നവംബർ ഒമ്പത് ,പത്ത് ദിവസങ്ങളിൽ ന്യൂ ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന അഹ്‌ലെ ഹദീസ് സമ്മേളനത്തിൽ അദ്ദേഹം സംബന്ധിച്ചു. മനുഷ്യത്വത്തെ ആദരിക്കുന്നതിൽ ലോക മതങ്ങളുടെ പങ്കിനെ കുറിച്ചു ചർച്ച ചെയ്ത സമ്മേളനത്തിൽ
മദീന ഇമാം ചെയ്ത പ്രഭാഷണം ഉജ്വലമായിരുന്നു.

മനുഷ്യത്വം മരവിച്ച പുതിയ ലോകക്രമം തിരുത്തി സൗഹൃദത്തിന്റെ തുരുത്ത്
രൂപപ്പെടുത്താൻ അഹ്‌ലെ ഹദീസ് സമ്മേളനത്തിൽ ഇമാം ആഹ്വാനം നൽകി. ഇമാമിന്റെ പ്രസംഗം കേൾക്കാനും അദ്ദേഹത്തിന്റെ പിന്നിൽ നമസ്ക്കാരിക്കാനും പതിനായിരങ്ങളാണ് രാം ലീല മൈതാനത്ത് തടിച്ചുകൂടിയത്. ചരിത്രമുറങ്ങുന്ന
ഡൽഹി ജുമാ മസ്‌ജിദിൽ നമസ്ക്കാരത്തിന് ഇമാം നേതൃത്വം നൽകിയത് വിശ്വാസി സമൂഹത്തിൽ വലിയ സന്തോഷമുണ്ടാക്കിയ കാര്യമാണ്.

ഡൽഹിയിലെ അഹ്‌ലെ ഹദീസ് കേന്ദ്ര കമ്മിറ്റി ഓഫീസ്, ജംഇയ്യത്തുൽ ഉലമാ കേന്ദ്ര ഓഫീസ്, , ജാമിഅ സനാബിലി കാമ്പസ് എന്നിവയിൽ സന്ദർശനം നടത്തിയ മദീന ഇമാം വിവിധ നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അഹ്‌ലെ ഹദീസ് നേതാവ് അസ്ഗർ ഇമാം മഹ്ദി അസ്സലഫി,ജംഇയ്യത്തുൽ ഉലമാ ഹിന്ദ് നേതാവ് അർഷദ് മദനി, അഡ്വ ഹാരിസ് ബീരാൻ എം പി എന്നിവർ അതിൽ പ്രമുഖരായിരുന്നു.

ഡൽഹിയിൽ നിന്നും കേരളത്തിൽ എത്തിയ മദീന ഇമാമിനു കോഴിക്കോട് വിമാനത്താവളത്തിൽ വലിയ സ്വീകരണമാണ് ഒരുക്കിയത്. കേരളത്തിലെ ഏക പൊതു പരിപാടി കെ എൻ എം സംസ്ഥാന സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്യലായിരുന്നു. പതിനായിരങ്ങൾ പങ്കെടുത്ത സമാധാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ് മദീന ഇമാം നടത്തിയ പ്രഭാഷണം
മാനവികതയുടെ വിളംബരമായി മാറി.

സമാധാനവും സഹിഷ്ണുതയും സംരക്ഷിക്കാൻ ലോകം കൈകോർക്കണമെന്നു ഹറം ഇമാം ഡോ.അബ്ദുല്ല അബ്ദുറഹ്മാൻ അൽ ബുഅയ്ജാൻ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വെറുപ്പിനെതിരെ സഹിഷ്ണുതയുടെ സന്ദേശം പരത്തുക. മാനവിക മൂല്യങ്ങളുടെ സംരക്ഷണമാണ് ഇസ്‌ലാം ലക്ഷ്യം വയ്ക്കുന്നത്. മനുഷ്യരുടെ സ്വത്തിനും ജീവനും
അഭിമാനത്തിനും വില കൽപ്പിക്കാത്ത ലോക ക്രമം തിരുത്താൻ വിവേകമതികളായ മനുഷ്യർ ഒന്നിക്കണം.ഭിന്നത നാശമാണെന്നു അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. ഐക്യമാണ് വികസനത്തിന്റെ അടിത്തറ. ഭിന്നത എവിടെ മുള പൊട്ടുന്നുവോ അവിടെ മുസ്‌ലിം സമൂഹം പിന്നോട്ട് പോകുമെന്നും ഇമാം പറഞ്ഞു.ഒരേ കെട്ടിടത്തിലെ
ഇഷ്ടികകൾ പോലെ പരസ്പരം ചേർന്ന് നിൽക്കാൻ അദ്ദേഹം ആഹ്വാനം നൽകി.

ഖുർആനും പ്രവാചക ചര്യയും മുറുകെ പിടിച്ചു ജീവിക്കാനും അദ്ദേഹം ഉണർത്തി. ഒരേ
ഖിബ്‌ലയുടെ ആളുകൾ പരസ്പരം ഭിന്നിക്കുന്നത് നാശമാണെന്നും ഇമാം പറഞ്ഞു.
യുദ്ധങ്ങളും സംഘർഷങ്ങളും ലോകത്ത് ഒരു പ്രശ്നവും പരിഹരിച്ചിട്ടില്ലെന്നു ഓർക്കണം. പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ് ചെയ്തിട്ടുള്ളത്. മനുഷ്യർക്ക് സവിശേഷമായ ബുദ്ധിയും വിവേകവും ദൈവം നൽകിയത് ക്രിയാത്മകമായ പ്രവർത്തനങ്ങൾ ചെയ്യാനാണ്. മനുഷ്യർ ഭൂമിയെ നശിപ്പിക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലുമാണ്‌ വ്യാപൃതരായിട്ടുള്ളത്.

മനുഷ്യരെ ആദരിക്കുന്ന മതമാണ് ഇസ്‌ലാം.പരസ്പരം ആദരവും അംഗീകാരവും കെട്ടുറപ്പുള്ള സമൂഹത്തിന്റെ നിലനിൽപ്പിനു അനിവാര്യമാണ്.ശരിയായ വിശ്വാസവും കർമ്മവുമാണ് മനുഷ്യരുടെ ആത്യന്തിക രക്ഷക്ക് ആവശ്യം. ദൈവ ദൂതന്മാർ പഠിപ്പിച്ച മാനവിക മൂല്യങ്ങൾ കൊണ്ട് ജീവിതം ധന്യമാക്കുക. ജീവിത വിശുദ്ധി പ്രധാനമാണ്.സാമ്പത്തിക സാമൂഹിക, കുടുംബ ജീവിതത്തിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുക.മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ കരുതിയിരിക്കണം.

ലോകം ആഗ്രഹിക്കുന്നത് മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന തലമുറകളെയാണ്. വിഭാഗീയതയും വിധ്വംസക പ്രവർത്തനങ്ങളും ഒറ്റകെട്ടായി എതിർക്കണം.എല്ലാ വിഭാഗീയതകളും സമൂഹ വിരുദ്ധമാണ് എന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം ഉണർത്തി.
ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു. സമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്നവരെ സൗദി ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കടപ്പുറത്ത് മഗ്‌രിബ് നമസ്കാരത്തിന് എത്തിയത് വൻ ജനാവലി ആയിരുന്നു.
കോഴിക്കോട് പൗര പ്രമുഖരുമായി ഇമാം കൂടിക്കാഴ്ച നടത്തി. മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ്‌ന സാദിഖ് അലി തങ്ങളുയുള്ള കൂടിക്കാഴ്ച അതിൽ പ്രധാനമായിരുന്നു.കേരളത്തിലെ എല്ലാ മുസ്ലിം സംഘടനകളെയും പ്രതിനിധീകരിക്കുന്ന മുസ്‌ലിം ലീഗിന്റെ പ്രസക്തി ഇമാമിനു ബോധ്യപ്പെട്ടു. ഐക്യ കൂട്ടായ്‌മ ഭദ്രമായി നിലനിർത്താൻ അദ്ദേഹം ഉപദേശിച്ചു.മന്ത്രി വി അബ്ദുറഹ്മാൻ ,പി കെ കുഞ്ഞാലിക്കുട്ടി,എം കെ രാഘവൻ എം പി,പി വി അബ്ദുൽ വഹാബ് എം പി,മുൻ മന്ത്രി അഹ്മദ് ദേവർ കോവിൽ, എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂർ വ്യവസായ പ്രമുഖർ എന്നിവർ വിവിധ സന്ദർഭങ്ങളിൽ ഇമാമുമായി കൂടിക്കാഴ്ച നടത്തി.

എടവണ്ണ ജാമിഅ നദ് വിയ്യ,വേങ്ങര മിനി ഊട്ടിയിലെ ജാമിഅ അൽ ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളിൽ വലിയ സ്വീകരണമാണ് ഇമാമിനു ലഭിച്ചത്. സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. യുവ തലമുറ മുസ്‌ലിം സമൂഹത്തിന്
മാതൃകയായി മാറണമെന്നും വിശ്വാസ വ്യതിയാനങ്ങൾ കരുതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ പ്രധനമായും ജുമുഅ നമസ്കാരമായിരുന്നു മദീന ഇമാമിന്റെ പരിപാടി. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ജുമുഅ. ആയിരങ്ങളാണ് ജുമുഅയിൽ പങ്കെടുക്കാൻ സ്റ്റേഡിയത്തിൽ എത്തിയത്. ഇസ്‌ലാം പഠിപ്പിക്കുന്ന സ്വാഭാവവും സംസ്കാരവും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രകാശിപ്പിക്കാൻ അദ്ദേഹം വിശ്വാസികളെ ഖുതുബയിലൂടെ ആഹ്വാനം ചെയ്തു. വിശ്വാസ കാര്യങ്ങളെ പോലെ സ്വഭാവവും പ്രധാനമാണ്.മുഹമ്മദ് നബിയുടെ സ്വഭാവം ഏറ്റവും മഹത്തരമായിരുന്നു.

പ്രവാചകന്റെ സ്വഭാവ മാതൃക മുഴുവൻ മനുഷ്യർക്കും പാഠമാണ്. എല്ലാ വിഭാഗം മനുഷ്യരോടും നല്ല രൂപത്തിൽ പെരുമാറാൻ കഴിയണം.മനുഷ്യർ വ്യത്യസ്തരായത് പോലെ.സ്വഭാവവും വ്യത്യസ്തമാണ്.സ്വഭാവ വ്യത്യാസങ്ങൾ മനുഷ്യരെ വെറുക്കാൻ കാരണമാകരുത്. ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്ന വിശ്വാസവും കർമ്മവും പ്രായോഗികമാണ്. മനുഷ്യർക്ക് ഉപദ്രവം ചെയ്യുന്ന എല്ലാ തിന്മകളും ഇസ്‌ലാം നിരാകരിക്കുന്നു.നന്മയുടെ എല്ലാ വാതിലുകളും ഇസ്‌ലാം തുറന്ന് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നല്ല മനുഷ്യരെ വളർത്തിയെടുക്കുക എന്നതാണ് ഇസ്‌ലാമിന്റെ ലക്ഷ്യം.
ഹൃദയ വിശുദ്ധിയാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്. മനസ്സ് ശുദ്ധമാകാതെ കർമ്മങ്ങൾ ദൈവം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്തെ ഫലസ്തീൻ ജനതക്ക് വേണ്ടി അദ്ദേഹം ഖുതുബയിൽ പ്രത്യേക പ്രാർത്ഥനയും നടത്തി.

കൊച്ചിയിൽ പൗര പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.അൻവർ സാദത്ത് എം എൽ എ, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ മുതിർന്ന അഭിഭാഷകരായ ബീരാൻ സാഹിബ്, അഡ്വ ഇബ്രാഹിം ഖാൻ, അഡ്വ മായിൻ കുട്ടി മേത്തർ,വ്യവസായ പ്രമുഖർ എന്നിവരുമായും ഇമാം പ്രത്യേകം കൂടിക്കാഴ്ച നടത്തി.

ഇമാമിന്റെ സന്ദർശനം മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കേണ്ട ഐക്യത്തിന്റെ സന്ദേശം വിളിച്ചോതുന്നതായിരുന്നു.ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും ഇമാമിന്റെ സന്ദർശനം സഹായകമാകും. മുസ്‌ലിം സമൂഹം ആഗോളതലത്തിൽ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സൗദി സ്വീകരിക്കുന്ന വിവേകത്തിന്റെ ശബ്ദം രാജ്യത്തെ മുസ്ലികൾ ഇമാമിന്റെ സന്ദർശനത്തിലൂടെ ശ്രദ്ധിക്കുമെന്നു പ്രത്യശിക്കാം. ഇൻഡ്യയിലെ സന്ദർശനത്തിൽ അതീവ സന്തോഷം രേഖപെടുത്തിയാണ് ഇമാമും സംഘവും സൗദിയിലേക്ക് മടങ്ങിയത്.

(കേരളത്തിൽ ഇമാമിന്റെ പരിപാടികളുടെ കോഡിനേറ്ററായിരുന്നു ലേഖകൻ)