യു പി കത്ത് / ഡോ.കൈപ്പാറേടന്‍
ഇന്ത്യയിലെ കോടിക്കണക്കിന് ദലിതുകളുടെയും മുസ്ലീങ്ങളുടെയും (അടുത്ത കാലത്തായി ക്രിസ്ത്യാനികളുടേയും) ദയനീയാവസ്ഥയെക്കുറിച്ചും അവരുടെ ജീവന്‍, സ്വത്ത്, മതം മുതലായവയുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തന്റെ അമേരിക്കന്‍ പര്യടനത്തിനിടെ നടത്തിയ പ്രസ്താവനക്കെതിരെ BJP യും സവര്‍ണ്ണ സംഘടനകളും രൂക്ഷ വിമര്‍ശനവുമായി രംഗത്തിറങ്ങിയിയിരിക്കുകയാണ്.
ഉത്തരേന്ത്യയിലെങ്ങും കാവി മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും രാഹുലിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് കാവിപ്പട അരങ്ങു തകര്‍ക്കുന്നതിനിടെ തികച്ചും അപ്രതീക്ഷിതമായി രാഹുലിനു പിന്തുണയുമായി മായാവതി രംഗത്തെത്തിയത് അക്ഷരാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സുകാരെപ്പോലും ഞെട്ടിച്ചു കളഞ്ഞു.
ഇന്നലെവരെ കോണ്‍ഗ്രസ്സ്, SP, RLD തുടങ്ങിയ കക്ഷികളില്‍ നിന്നും സൂഷ്മമായി അകലം പാലിച്ചു കഴിഞ്ഞിരുന്ന മായാവതിയില്‍ നിന്ന് രാഹുലിന്റെ നിലപാടാണ് ശരിയെന്ന പ്രസ്താവന വന്നത് UPയുടെ രാഷ്ട്രീയത്തില്‍ ഇതുവരെ മേല്‍ക്കൈ പുലര്‍ത്തിപ്പോന്ന BJP യ്ക്ക് ശരിക്കും ഓര്‍ക്കാപ്പുറത്തു കിട്ടിയ അടിയാണ്. രാഹുല്‍ ലോകത്തോടു പറയാന്‍ ശ്രമിക്കുന്നതു കയ്‌പേറിയ ഇന്ത്യന്‍ സത്യമാണെന്നാണ് ബി എസ് പി മേധാവി പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രാജ്യമെങ്ങും BJP രാഷ്ട്രീയ കോലാഹലത്തിനൊരുങ്ങുമ്പോഴാണ് BSP അധ്യക്ഷയുടെ പ്രതികരണം വന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്.
രാഹുല്‍ ചൂണ്ടിക്കാട്ടിയ ഇന്ത്യയിലെ ഈ പ്രശ്‌നങ്ങള്‍ക്ക് BJP യെപ്പോലെ തന്നെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളും ഉത്തരവാദികളാണെന്നു താന്‍ പറയും. പക്ഷേ ഇത്ര ക്രൂരമായ ദളിത് വിരുദ്ധ മനോഭാവം ബി ജെ പി സര്‍ക്കാരുകള്‍ മാത്രമാണ് പുലര്‍ത്തുന്നതന്ന് മയാവതി പറഞ്ഞു.
യു പിയിലും മറ്റ് സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെയും ബി ജെ പിയുടേയും എസ് പിയുടേയും സര്‍ക്കാരുകള്‍ ദരിദ്രരോടും ബഹുഭൂരിപക്ഷമായ ബഹുജന്‍ സമാജ് വിഭാഗത്തിനോടും അകന്നു നിന്നവരും പാവപ്പെട്ടവരോട് എല്ലാ തലത്തിലും അനീതിയും ക്രൂരതയും ചൂഷണവും കാണിച്ചവരുമാണ്.
ദളിത് വിരുദ്ധത BJP യുടെ പൊതുസ്വഭാവമാണെന്നും യു പിയില്‍ ബി എസ് പി സര്‍ക്കാര്‍ മാത്രമാണ് ദളിതരോട് നീതി പുലര്‍ത്തിയിട്ടുള്ളതെന്നും മായാവതി പറഞ്ഞു. രാഷ്ട്രീയതിരഞ്ഞെടുപ്പ് താല്‍പ്പര്യങ്ങള്‍ക്കായി സൃഷ്ടിച്ച നിരന്തരവും എണ്ണമറ്റതുമായ വര്‍ഗീയ കലാപങ്ങളുടെയും നടത്തിയ ജാതീയമായ പീഡനങ്ങളുടെയും ഇരുണ്ട അധ്യായങ്ങള്‍ നിറഞ്ഞതാണ് ആഖജ യുടെ രൂപീകരണത്തിനു ശേഷമുള്ള ഇന്ത്യന്‍ ചരിത്രം.
ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ പല കാരണങ്ങളാല്‍ ദളിത് വിഭാഗങ്ങളിലെ ആളുകള്‍ക്ക് അതിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല. ദളിതരോട് സൗഹാര്‍ദ്ദപരമായ സമീപനം പുലര്‍ത്തുന്ന ഭരണഘടനയുടെ ആ അന്തസത്ത രാജ്യത്തെ സവര്‍ണ്ണ രാഷ്ട്രീയം ക്രമേണ നഷ്ടപ്പെടുത്തുകയാണ്.
‘കോണ്‍ഗ്രസ് നേതാവ് എന്താണ് പറഞ്ഞതെന്ന് ഓര്‍ത്തുനോക്കൂ. ഇന്ന് ഇന്ത്യയില്‍ ദരിദ്രരും ന്യൂനപക്ഷ സമുദായത്തിലെ ജനങ്ങളും നിസ്സഹായരാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞ മറ്റൊരു കാര്യം. പരസ്പരം വെറുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ നന്‍മയുള്ള ഇന്ത്യന്‍ ജനത വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധാനത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്ന ഒരു ചെറിയ കൂട്ടം ആളുകളുണ്ട്, അവര്‍ വിദ്വേഷത്തിന്റെ തീ ആളിക്കത്തുകയാണ്.
ദളിതര്‍ തുടര്‍ച്ചയായി ചൂഷണം ചെയ്യപ്പെടുന്നു. കേവലം ഇരകളും നിസ്സഹായരുമാണവര്‍. ഇതൊക്കെയാണ് രാഹുല്‍ പറഞ്ഞതെങ്കില്‍ രാഹുല്‍ പറഞ്ഞതിനോടാണ് എനിക്കു യോജിപ്പ്. ‘ മായാവതി പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയമായി പ്രവര്‍ത്തിക്കുന്നത് വളരെ പ്രയാസകരമായി മാറിയെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതും ശരിയാണ്, മായാവതി ചൂണ്ടിക്കാട്ടി.