കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ മാപ്പിളകലാ അക്കാദമി ആദ്യമായി ഏര്‍പ്പെടുത്തിയ വിവിധ മാപ്പിള കലകള്‍ക്കുവേണ്ടിയുള്ള അവാര്‍ഡുകള്‍ അവാര്‍ഡ് ജേതാക്കളും സമഗ്ര സംഭാവനയ്ക്കുവേണ്ടിയുള്ള മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി വിളയില്‍ ഫസീലക്കുവേണ്ടി മകള്‍ ഫാഹിമയും ഏറ്റുവാങ്ങി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എല്‍. സുഷമയാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
അവാര്‍ഡ് സമര്‍പ്പണ സാംസ്‌കാരിക സമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ജൂറി അംഗം കാനേഷ് പൂനൂര്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ഡോക്ടര്‍ ഷംഷാദ് ഹുസൈന്‍, വി. നിഷാദ്, എന്‍ പ്രമോദ് ദാസ്, കെ. വി. അബൂട്ടി, പുലിക്കോട്ടില്‍ ഹൈദരാലി തുടങ്ങിയവര്‍ സംസാരിച്ചു.
ഇ. കെ. എം. പന്നൂര്‍ (മാപ്പിളപ്പാട്ട് രചന), പുലാമന്തോള്‍ അബൂബക്കര്‍( മാപ്പിളപ്പാട്ട് ആലാപനം), ബീരാന്‍ കോയ ഗുരുക്കള്‍(കോല്‍ക്കളി), കുഞ്ഞി സീതിക്കോയ തങ്ങള്‍ (ഇതര മാപ്പിള കലകള്‍-ദഫ് മുട്ട്), തൃക്കുളം കൃഷ്ണന്‍കുട്ടി(സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്) എന്നിവര്‍ വേദിയില്‍ അവാര്‍ഡ് ഏറ്റുവാങ്ങി. അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം മരണപ്പെട്ട ആദം നെടിയനാട് (ഒപ്പന)നു വേണ്ടി സഹോദര പുത്രന്‍ ഷാജി പുരസ്‌കാരം സ്വീകരിച്ചു.
സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ആദിവാസി ക്ഷേമസമിതി ജില്ലാ കലാസംഘം അവതരിപ്പിച്ച ‘തുടി ‘ എന്ന ആദിവാസി ഗോത്ര കലാ സന്ധ്യയില്‍ പുതുമയുള്ള ഗോത്ര കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. ആദിവാസി ഗോത്ര കലാസന്ധ്യ ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. ജില്ല കോഡിനേറ്റര്‍ വി. കെ. ഷാനവാസ് ആമുഖഭാഷണം നടത്തി
