കല്പറ്റ: കേരള നദ് വത്തുൽ മുജാഹിദീൻ വയനാട് ജില്ലാ കമ്മിറ്റി ഫെബ്രുവരി 25 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ 5 മണി വരെ എം.സി.എഫ്. പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ ‘മതം മാനവ മോക്ഷത്തിന് ‘ എന്ന പ്രമേയത്തിൽ സോഷ്യൽ കോൺഫറൻസ് സംഘടിപ്പിക്കും. സോഷ്യൽ കോൺഫറൻസ് കെ. എൻ. എം. സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി ഉത്ഘാടനം ചെയ്യും.
മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വർഗീയതയിൽ അധിഷ്ഠിതമായ വിഭാഗീയത ആദർശമായി സ്വീകരിക്കുന്ന പുതിയ സാഹചര്യത്തിൽ മത, ജാതി വർണ്ണത്തിനതീതമായ സൗഹാർദ കൂട്ടായ്മ ഉണ്ടാക്കാനും യോജിക്കാൻ സാധ്യമായ മേഖലയിൽ യോജിച്ച് മുന്നോട്ട് പോകേണ്ടതും കാലത്തിന്റെ ആവിശ്യമാണ്. അതോടൊപ്പം തന്നെ മതത്തിൻറെ പേരിൽ നടക്കുന്ന അനാചാര, അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കലും സമൂഹത്തിൻറെ ബാധ്യതയാണ്. മതമെന്ന പേരിൽ പൗരോഹിത്യം മാർക്കറ്റ് ചെയ്യുന്ന എല്ലാ വിശ്വാസവും ആചാരവും ദൈവികമാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല എന്നും ദൈവിക വേദഗ്രന്ഥവും പ്രവാചക അധ്യാപനവുമാണ് ആത്യന്തിക സത്യം ബോധ്യപ്പെടുത്തുക എന്നതുമാണ് സമ്മേളനത്തിന്റെ ഉദ്ദേശം.