ഒളിക്ക്യാമറ വച്ച് കുളിസീന്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

Pathanamthitta

പത്തനംതിട്ട: ഒളിക്ക്യാമറ വച്ച് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. മുത്തൂര്‍ സ്വദേശി പ്രിനു (30) ആണ് അറസ്റ്റിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ചങ്ങനാശ്ശേരിയില്‍ നിന്നാണ് പിടികൂടിയത്. സഹോദരിയും പൊലീസ് ഉദ്യോഗസ്ഥനായ സഹോദരി ഭര്‍ത്താവുമാണ് ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഡിസംബര്‍ 16ാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസുള്ള പെണ്‍കുട്ടി കുളിക്കുന്നതിനിടെ വീട്ടിലെ കുളിമുറിയുടെ വെന്റിലേറ്റര്‍ ഹോളില്‍ പെന്‍ ക്യാമറ വച്ചാണ് പ്രതി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. പെന്‍കാമറ കുളിമുറിയുടെ ഉള്ളിലേക്ക് വീണതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ക്യാമറയും മെമ്മറി കാര്‍ഡും പരിശോധിച്ച വീട്ടുകാര്‍ പ്രിനുവിന്റെ ഫോട്ടോ കണ്ടെത്തി. പ്രതി ചിത്രീകരിച്ച ദൃശ്യങ്ങളും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ പ്രിനു മാസങ്ങളായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും കംപ്യൂട്ടറിലേക്ക് മാറ്റുകയും ചെയ്തതായി കണ്ടെത്തി. എന്നാല്‍ ഒളിവില്‍ പോയതിനാല്‍ പ്രിനുവിനെ പിടികൂടാനായിരുന്നില്ല.