പൂഞ്ഞാറിൽ നടന്നത് ദൗർഭാഗ്യകരം, ഗൂഡാലോചനയുണ്ടെന്നു കരുതുന്നില്ല, മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം അന്വേഷിക്കാത്തത് ദുരൂഹം: രാഷ്ട്രീയ ലോക് മോർച്ച

Malappuram

മലപ്പുറം: പൂഞ്ഞാര്‍ സെന്റ് മേരിസ് പള്ളി മുറ്റത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൻറെ പശ്ചാത്തലത്തെക്കുറിച്ച് ഉയർന്ന തലത്തിൽ വിശദമായ അന്വേക്ഷണം നടത്തണമെന്ന് എൻഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ലഹരിമരുന്ന് മാഫിയയുടെ സ്വാധീനം ഈ സംഭവത്തിനു പിന്നിൽ ഉണ്ടോയെന്നു പരിശോധിക്കാൻ സർക്കാർ തയാറാകാത്തത് അത്ഭുതകരമാണെന്ന് മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ഉത്‌ഘാടനം ചെയ്തുകൊണ്ട് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഡോ. ബിജു കൈപ്പാറേടൻ പറഞ്ഞു.

യുവാക്കൾ ബൈക്ക് റൈസിങ് നടത്തിയതും അത് ചോദ്യം ചെയ്ത വൈദികനു ബൈക്കുതട്ടി പരുക്ക് പറ്റിയതും ദൗർഭാഗ്യകരമാണെങ്കിലും അതിനു പിന്നിൽ കരുതിക്കൂട്ടിയുള്ള എന്തെങ്കിലും ഗൂഡാലോചനയുണ്ടെന്നു കരുതുന്നില്ല.

മയക്കു മരുന്നിന്റെ അമിത വ്യാപനവും പ്രതികളുടെ ധിക്കാരവും കേരളത്തിലെവിടെയും നിയമത്തെ വെല്ലുവിളിച്ചാൽ ഒന്നും സംഭവിക്കില്ല എന്ന ധൈര്യവുമാണ് യുവാക്കളെ ഇത്തരത്തിൽ ധിക്കാരം കാട്ടാൻ പ്രേരിപ്പിക്കുന്നത്. ഈ സംഭവത്തിന്റെ പേരിൽ മതസ്പർദ്ധ വളർത്തുന്നത് ശരിയല്ല എന്നാണ് പാർട്ടിയുടെ അഭിപ്രായം.

കോട്ടയം ജില്ലയിലും സംസ്ഥാനത്തുടനീളവും വര്‍ദ്ധിച്ചുവരുന്ന മയക്കുമരുനിൻറെ ഉപഭോഗത്തിലേക്കാണ് യാഥാർത്ഥത്തിൽ ഈ സംഭവം വിരല്‍ചൂണ്ടുന്നത്.

ലഹരിമരുന്ന് മാഫിയയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിഷവിത്തുകളെ സർക്കാർ കേരളത്തിലെങ്ങും സംരക്ഷിക്കുകയാണ് എന്ന തോന്നൽ സാധാരണ ജനങ്ങൾക്കുണ്ടെന്ന് കൈപ്പാറേടൻ പറഞ്ഞു.

സർക്കാരിനേക്കാൾ സാമ്പത്തികശക്തിയും വിപുലമായ അന്താരാഷ്ട്രാ ബന്ധങ്ങളുമുള്ള വലിയൊരു നെറ്റ് വർക്കിന്റെ ഭീകരമായ പിടിയിലാണ് ഇന്നു കേരള യുവത്വം. സർക്കാർ അന്താരാഷ്ട്രാ മയക്കുമരുന്നു മാഫിയകളുമായി നടത്തിയ ഒത്തുതീർപ്പുകളുടെ ബാക്കിപത്രമാണ് ഈ ദുരന്തം.

ജാതിപറഞ്ഞു പൂഞ്ഞാർ സംഭവം രാഷ്ട്രീയമായി മുതലെടുക്കാനാണ് പ്രതിപക്ഷം കളമൊരുക്കുന്നത്. തെരഞ്ഞെടുപ്പു കാലത്ത് വർഗ്ഗീയ വികാരവും വിവാദങ്ങളും ആളിക്കത്തിക്കാനാണ് അവരുടെ ശ്രമം.

മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കാനോ നിയമം കർശനമായി നടപ്പാക്കാനോ അവരും ആവശ്യപ്പെടുന്നില്ല. കേരളമാകെ മാരകവിഷം വിതരണം ചെയ്യുന്ന വൻ തോക്കുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ഒത്തുതീർപ്പിലാണെന്ന് കൈപ്പാറേടൻ ആരോപിച്ചു.