എട്ടാമത് വയനാട് വിത്തുത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയ്യതികളില്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍

Wayanad

കലപറ്റ: സുസ്ഥിര കൃഷിക്ക് ആരോഗ്യമുള്ള വിത്തുകള്‍’ എന്ന സന്ദേശവുമായി എട്ടാമത് വയനാട് വിത്തുത്സവം മാര്‍ച്ച് ഒന്ന്, രണ്ട് തീയ്യതികളില്‍ പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയവും വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതിയും പരമ്പരാഗത വിത്ത് സംരക്ഷകരുടെ സംഘടനയായ സീഡ് കെയറും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വിത്തുത്സവത്തില്‍ വയനാടിന്റെ തനതു വിത്തു വൈവിധ്യം പ്രദര്‍ശിപ്പിക്കുകയും കര്‍ഷകര്‍ തങ്ങള്‍ സംരക്ഷിച്ചുവരുന്ന വിത്തുകള്‍ പരസ്പരം കൈമാറികൊണ്ട് വിത്ത് സംരക്ഷണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുകയും ചെയ്യും.

മാര്‍ച്ച് ഒന്നാം തിയ്യതി രാവിലെ പത്തു മണിക്ക് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി വിത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വിത്ത് പുരയുടെയും പ്രദര്‍ശനശാലകളുടെയും ഉദ്ഘാടനം മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അഡ്വ. ടി സിദ്ധിക്ക്, എം.എല്‍ എ അധ്യക്ഷത വഹിക്കും. വയനാട്ടില്‍ നിന്നും പ്ലാന്റ് ജിനോം സേവിയര്‍ അവാര്‍ഡ് നേടിയ സുനില്‍ കുമാര്‍ എം, പ്രസീത് കുമാര്‍ തയ്യില്‍, സലിം പി.എം. എന്നിവരെ വിത്തുത്സവത്തിന്റെ ആദരം സമര്‍പ്പിക്കും.

ചടങ്ങില്‍ വയനാട് ജില്ലാ ആദിവാസി വികസന പ്രവര്‍ത്തക സമിതി ആദിവാസി കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ അവാര്‍ഡുകളും വിതരണം ചെയ്യും.

വിത്തുത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സ്റ്റാര്‍ട്ട് അപ്പ് മീറ്റ് ഈ വര്‍ഷത്തെ പ്രധാന പരിപാടികളില്‍ ഒന്നാണ്. സംരംഭകര്‍ക്കുവേണ്ടി അവരുടെ അറിവിനേയും സാധ്യതകളെയും വിപുലപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഏകദിന ശില്പശാല ആണ് മാര്‍ച്ച് രണ്ടാം തിയ്യതിയില്‍ സംഘടിപ്പിക്കുന്നത്.

കാര്‍ഷിക സെമിനാറുകള്‍, വിത്ത് വിളവൈവിധ്യ പ്രദര്‍ശനം, വിത്ത് കൈമാറ്റം, ഗവേഷകര്‍ക്കുള്ള പോസ്റ്റര്‍ സെഷനുകള്‍, കാര്‍ഷിക വിപണനമേള, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരീശീലനങ്ങള്‍, മത്സരങ്ങള്‍ എന്നിവ രണ്ട് ദിവസങ്ങളിലായി നടക്കും.

ഈ വര്‍ഷത്തെ വിത്തുത്സവത്തില്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കേരള കുടുംബശ്രീ മിഷന്‍, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍, കേരള വിനോദ സഞ്ചാര വകുപ്പ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൈലറ്റ് സ്മിത്ത് െ്രെപവറ്റ് ലിമിറ്റഡ് , തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങള്‍, ഹോര്‍ട്ടികള്‍ചര്‍ മിഷന്‍, കിസാന്‍ സര്‍വീസ് സൊസൈറ്റി തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ പങ്കാളികളാകും.

എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയവും വയനാട് ആദിവാസി വികസന പ്രവര്‍ത്തക സമിതിയും സീഡ് കെയറും ചേര്‍ന്ന് 2015 ലാണ് വയനാട് വിത്തുത്സവത്തിനു തുടക്കം കുറിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ .ഷക്കീല വി. ഡയറക്ടര്‍ എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, മണിലാല്‍ സീനിയര്‍ ഫെല്ലോ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, എ .ദേവകി, പ്രസിഡന്റ്, ആദിവാസി വികസന പ്രവര്‍ത്തക സമിതി, കൃഷ്ണദാസ് വി.പി , സെക്രട്ടറി, സീഡ് കെയര്‍, സുനില്‍ കുമാര്‍, ജിബിന്‍ തോമസ്, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, പ്രജീഷ് പി, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം, ബിനേഷ് എം .കെ, എം. എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം എന്നിവര്‍ പങ്കെടുത്തു.