പുതിയ പ്രഭാതം വിടരും എന്ന പ്രതീക്ഷയോടെ

Uncategorized

രാജ്യം വീണ്ടും ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ നിൽക്കുന്ന സമയമാണല്ലോ ഇത്. കേരളത്തലെ പ്രബല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായ മുസ്ലി ലീഗിൻ്റെ മൂന്നാം ലോക് സഭ സീറ്റ് സംബന്ധിച്ചുള്ള അവകാശവാദമാണ് ഇന്ന് കേരളത്തിലെ പ്രധാന ചർച്ച. അതൊരു ആവശ്യമല്ല അവകാശമാണ് എന്നാണ് എൻ്റെ അഭിപ്രായം. മലബാറിലെ 56 നിയമസഭ മണ്ഡലങ്ങളിൽ അടക്കം കേരളത്തിലെ പകുതിയോളം മണ്ഡലങ്ങളിൽ ലീഗ് പ്രബലമായ ഒരു കക്ഷിയാണ്. എന്നാലും 1961 മുതൽ 2 സീറ്റിലാണ് ലീഗ് മത്സരിച്ചു പോരുന്നത്. രാജ്യത്തെ മതേതരത്വം സംരക്ഷിക്കുന്നതിൽ ലീഗ് നിർവഹിക്കുന്ന ദൗത്യം ആർക്കും വിസ്മരിക്കാനാവില്ല. മുസ്ലിംലീഗ് ഒരാവശ്യം ഉന്നയിക്കുമ്പോൾ മാത്രം അത് വർഗീയമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവർ എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുന്നത്. മതേതര കൂട്ടായ്മകളെ ശക്തിപ്പെടുത്താൻ ലീഗ് ചെയ്യുന്ന വിട്ടുവീഴ്ചകൾ ചരിത്രത്തിൽ ഇടം നേടിയതാണ്. മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തം ലോക്സഭ സീറ്റ് വിട്ടു നൽകിയതും തിരൂരങ്ങാടിയിൽ എ കെ ആൻ്റണിയെ മത്സരിപ്പിച്ചതും ലീഗിൻ്റെ രാജ്യസഭാ സീറ്റ് നൽകിയതടക്കം എത്രയോ ചരിത്രങ്ങൾ ഓർത്തെടുക്കാനുണ്ട്. ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും മുസ്ലിം സമൂഹത്തെ തുടച്ചുനീക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ രാജ്യത്തിൻ്റെ ഭരണ കേന്ദ്രങ്ങളിൽ മുസ്ലിം സാന്നിധ്യം ചർച്ച ആകുമ്പോളാണ് ലീഗിൻ്റെ മൂന്നാം സീറ്റിനെ സംബന്ധിച്ചുള്ള നിലപാട് ഏറ്റവും പ്രസക്തമാകുന്നത്. ഈ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ യുഡിഎഫ് നേതൃത്വത്തിനും അണികൾക്കും സാധിക്കേണ്ടതുണ്ട്. വൈകാരികമായ തീരുമാനങ്ങൾക്കപ്പുറം വിവേകപൂർവ്വമായ സമീപനങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്. ആ പ്രഭാതം വിടരും എന്ന പ്രതീക്ഷയിലാണ് എല്ലാവരും എന്ന് കോൺഗ്രസ് നേതൃത്വം മറക്കരുത് എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

(മുസ്‌ലിം ലീഗിന്റെ ലോക സഭാ സീറ്റുമായി ബന്ധപ്പെട്ട് ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി ഫേസ്‌ബുക്കിൽ പങ്കുവെച്ച ലേഖനം)