കേരള സര്‍വ്വകലാശാല സംസ്‌കൃത വിഭാഗം അന്തര്‍ദേശീയ സെമിനാറും ഗവേഷക സംഗമവും

Thiruvananthapuram

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സംസ്‌കൃത വിഭാഗം അന്തര്‍ദേശീയ സെമിനാറും ഗവേഷക സംഗമവും മാര്‍ച്ച് 4 മുതല്‍ 7 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 4ന് കാര്യവട്ടം സര്‍വ്വകലാശാല ക്യാംപസില്‍ നടക്കുന്ന സെമിനാര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യും.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.ജി.പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ കേരളത്തിനകത്തും വിദേശത്തുമുള്ള സംസ്‌കൃത പണ്ഡിതന്മാര്‍ പ്രബന്ധങ്ങളവതരിപ്പിച്ച് സംസാരിക്കും.

കഴിഞ്ഞ 30 വര്‍ഷമായി സംസ്‌കൃത വിഭാഗത്തില്‍ അധ്യാപന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. സി.എ.ഷൈല യുടെ വിരമിക്കലിനോടനുബന്ധിച്ചാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 7 ന് നടക്കുന്ന സംസ്‌കൃത ഗവേഷക സംഗമം, മലയാളം സര്‍വ്വകലാശാല മുന്‍ ചാന്‍സലര്‍ ഡോ. ജയകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സിന്‍ഡിക്കേറ്റ് മെമ്പര്‍മാര്‍, സെനറ്റ് പ്രതിനിധികള്‍ ഭാഗഭാക്കാവുന്ന ചടങ്ങില്‍ കേരള സര്‍വ്വകലാശാല സംസ്‌കൃത വിഭാഗത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മുഴുവന്‍ ഗവേഷകരെയും ആദരിക്കുന്ന വ്യത്യസ്തമായ പരിപാടിയും ഉണ്ടാകുമെന്ന് ഡോ. ഉഷാ രാജാവാര്യര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. പി.സി.ഷംസീര്‍, ഗവേഷകരായ മായാദേവി, ശ്രീലക്ഷ്മി, ഇര്‍ഫാന, വര്‍ഷ, കൃഷ്ണപ്രിയ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.