യുകെഎഫില്‍ ‘ഇഗ്നിത്ര 2കെ 23’ ഇന്‍റര്‍ സ്കൂള്‍ ഫെസ്റ്റ് ഉദ്ഘാടനം

Kollam

കൊല്ലം: പാരിപ്പള്ളി യുകെഎഫ് എന്‍ജിനീയറിംഗ് കോളേജില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രോജക്ട് പ്രദര്‍ശന മത്സരമായ ‘ഇഗ്നിത്ര 2കെ 23’ യുടെ ഉദ്ഘാടനം നടന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറും, വി എച്ച് എസ് ഇ മുന്‍ ഡയറക്ടറുമായ ഡോ. വി. സജിത്ത്, വര്‍ക്കല എംജിഎം മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. എസ്. പൂജ എന്നിവര്‍ ചേര്‍ന്ന് ഇഗ്നിത്ര 2 കെ 23 ഫെസ്റ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ അധ്യക്ഷത വഹിച്ചു. ഇഗ്നിത്ര ഇന്‍റര്‍സ്കൂള്‍ എക്സിബിഷന്‍റെ ഉദ്ഘാടനം കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് നിര്‍വഹിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 8 മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഫെസ്റ്റിന്‍റെ ഭാഗമായി സ്റ്റില്‍ മോഡല്‍ പ്രസന്‍റേഷന്‍, വര്‍ക്കിങ് മോഡല്‍ പ്രസന്‍റേഷന്‍, യു കെ എഫ് സോക്കര്‍ കപ്പ് ഇന്‍റര്‍ സ്കൂള്‍ ഫുട്ബോള്‍ കോമ്പറ്റീഷന്‍ എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

വിവിധ സ്കൂളുകളില്‍ നിന്നുള്ള 20 ടീം അംഗങ്ങള്‍ പങ്കെടുത്ത യു കെ എഫ് സോക്കര്‍ കപ്പ് ഇന്‍റര്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ പരവൂര്‍ തെക്കുംഭാഗം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജേതാക്കളായി. എസ് എം എച്ച് എസ് എസ് കൊട്ടറ സ്കൂള്‍, മങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടി. കൂടാതെ ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ച വര്‍ക്കിംഗ് മോഡല്‍ പ്രസന്‍റേഷന്‍ മത്സരത്തില്‍ കലക്കോട് ഐശ്വര്യ പബ്ലിക് സ്കൂള്‍ ഒന്നും, കൊല്ലം എസ് എന്‍ പബ്ലിക് സ്കൂള്‍, ഭൂതക്കുളം ഗവണ്‍മെന്‍റ് എച്ച് എസ് എസ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അനുബന്ധമായി നടന്ന സ്റ്റില്‍ മോഡല്‍ പ്രസന്‍റേഷന്‍ മത്സരത്തില്‍ വര്‍ക്കല എംജിഎം മോഡല്‍ സ്കൂള്‍, പകല്‍ക്കുറി ഗവണ്‍മെന്‍റ് എച്ച് എസ് എസ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും അവാര്‍ഡുകളും നല്‍കി.

കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, പിടിഎ വൈസ് പ്രസിഡന്‍റ് എസ്. സുനില്‍കുമാര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ മാരായ ആര്‍. എസ്. റിങ്കു, എസ്. ശരത് ദാസ് എന്നിവര്‍ പ്രസംഗിച്ചു.