കല്പറ്റ: സംസ്ഥാന ചരിത്രത്തിലാദ്യമായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും ശമ്പളം നൽകാൻ കഴിയാത്ത രീതിയിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.
സംസ്ഥാനത്ത് ആദ്യ പ്രവൃത്തി ദിവസം ശമ്പളം വിതരണം ചെയ്യേണ്ട വകുപ്പുകളിലാണ് ഇത്തരത്തിൽ ശമ്പള മുടക്കം ഉണ്ടായിട്ടുള്ളത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളം പിൻവലിക്കാൻ കഴിയുന്നില്ല.
ശമ്പളവും പെൻഷനും അക്കൗണ്ടിൽ കാണാം, പക്ഷെ കയ്യിൽ കിട്ടില്ലെന്ന വിചിത്രമായ അവസ്ഥയാണ് കേരളത്തിൽ. ബാങ്കിൽ നിന്നോ എ ടി എമ്മിൽ നിന്നോ പണം പിൻവലിക്കാൻ കഴിയില്ല.
ഇ – ടി എസ് ബി യിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും ശമ്പളവും പെൻഷനും വിതരണം നടന്നിട്ടില്ല. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്പളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.
ട്രഷറിയിൽ നിന്നും ശമ്പള ബില്ല് പാസാക്കുന്നു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പണം ക്രെഡിറ്റാക്കാതിരിക്കുക. ഇത്തരത്തിൽ ജീവനക്കാരേയും അദ്ധ്യാപകരേയും കബളിപ്പിക്കുകയാണ് ധനകാര്യ വകുപ്പ്.
നാലാം തീയതിയും ശമ്പളം കിട്ടുമെന്ന് ഉറപ്പില്ല. ഒരു പക്ഷേ കിട്ടിയാൽ തന്നെ ഘട്ടം ഘട്ടമായി പിൻവലിക്കേണ്ട അവസ്ഥ സംജാതമാക്കുകയാണ്. ഇന്നായപ്പോൾ ശമ്പളം നാല് ദിവസം വൈകിയിരിക്കുന്നു. ഭാവിയിൽ കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളത്തിൻ്റെ അവസ്ഥ കേരളത്തിലെ ജീവനക്കാർക്കും അദ്ധ്യാപകർക്കും വന്നു ചേരാനിടയുണ്ട്.
ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺ കുമാർ ജനറൽ സെക്രട്ടറി എസ് . മനോജ്, ട്രഷറർ കെ.എ വർഗ്ഗീസ് , ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് എന്നിവർ പറഞ്ഞു.