കണിയാമ്പറ്റ ജി യു പി സ്കൂളിലെ ക്രമക്കേട്: യൂത്ത് കോൺഗ്രസ്‌ പ്രക്ഷോഭത്തിലേക്ക്

Wayanad

കല്പറ്റ: കണിയാമ്പറ്റ ജി യു പി സ്കൂളിലെ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയം കൊണ്ടുനടക്കുന്ന പി.ടി.എ പിരിച്ചുവിട്ടു കുറ്റക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്കൂളിലെ അഴിമതി സംബന്ധിച്ച നിജസ്ഥിതി സമൂഹത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോൺഗ്രസ് നേതൃത്വംനൽകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ജി.യൂ.പി സ്കൂളിന്റെ അവസ്ഥ വളരെ താഴ്ന്ന നിലവാരത്തിലേക്കാണ് പോകുന്നത്. PTA യും അധ്യാപകരും തമ്മിലുള്ള നിരന്തര സംഘർഷം വിദ്യാലയങ്ങളുടെ ശോചനിയവസ്ഥയ്ക്ക് ചുക്കാൻ പിടിക്കുകയാണ്. കണിയാമ്പറ്റ യു.പി.സ്കൂളിൽ കഴിഞ്ഞ 2023-24 അധ്യാന വർഷം ഗുരുതര ക്രമക്കേടുകളും പ്രശ്നങ്ങളും നടന്നിട്ടുണ്ട്. സ്കൂളിൽ നിന്നും ഉപയോഗശൂന്യമായ സാധനങ്ങൾ വിറ്റതിന്റെ മറവിൽ വ്യാപകമായ അഴിമതിയാണ് PTA നടത്തിയിരിക്കുന്നത്.

പുനർനിർമാണത്തിന്റെ ഭാഗമായി പണികൾ നടക്കുമ്പോൾ മാറ്റിയിട്ട വിദ്യാർത്ഥികൾക്ക് കളിക്കാൻ അനിയോജ്യമായ വിലപിടിപ്പുള്ള ഊഞ്ഞാലുകൾ, ഫുട്ബോൾ പോസ്റ്റുകൾ, മറ്റു ക്ലാസ് മുറികളിലെ ഉപയോഗപ്രദമായ കസേരകളും മേശകളും അടക്കം നിസ്സാര തുകയ്ക്ക് വിൽക്കുകയും ചെയ്തു. എന്നാൽ ഈ വില്പന സ്കൂൾ അധികാരികൾ യാതൊരു മുന്നറിയിപ്പും കൂടാതെ കണിയാമ്പറ്റ പഞ്ചായത്തിൽ അറിയിക്കുകയോ പത്ര പരസ്യം കൊടുക്കുകയോ, കൊട്ടേഷൻ സ്വീകരിക്കുകയോ ചെയ്യാതെയാണ് സ്കൂൾ PTA ഇത്തരത്തിലുള്ള നടപടിയുമായി മുന്നോട്ടു പോയിരിക്കുന്നത്. വിറ്റു വരവ് കണക്കുകൾ ഒരുപാട് മാസങ്ങൾക്ക് ശേഷമാണ് സ്കൂളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

PTA യും അധ്യാപകരും തമ്മിലുള്ള നിരന്തര അനാരോഗ്യ സംഭാഷണങ്ങൾ കാരണം പ്രധാന അധ്യാപിക അടക്കം ഏഴോളം അധ്യാപകർ പല കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒരേ അധ്യാന വർഷം തന്നെ സ്ഥലംമാറ്റം വാങ്ങിപ്പോവുകയുണ്ടായി. വിദ്യാലയത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കേണ്ട സ്കൂൾ പി.ടീ.എ തികച്ചും വിദ്യാലയത്തെ തകർക്കുന്ന നിലപാടുമായാണ് മുന്നോട്ടുപോകുന്നത്. ഇത്തരം കൊള്ളരുതായ്മകൾ നടക്കുമ്പോൾ സ്കൂൾ പി.ടി.എ പ്രസിഡണ്ട് അദ്ദേഹത്തിന്റെ കുട്ടിയെ പ്രസ്തുത സ്കൂളിൽ നിന്നും മാറ്റി മറ്റൊരു വിദ്യാലയത്തിലേക്ക് ചേർക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

പത്രസമ്മേളനത്തില്‍ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആഷിക് മൻസൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, കണിയാമ്പറ്റ മണ്ഡലം സെക്രട്ടറി ഫായിസ് പഞ്ചാര തുടങ്ങിയവർ പങ്കെടുത്തു.