മലപ്പുറം: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മലപ്പുറം ജില്ലയിലെ കുഞ്ഞീരുമ്മയെ അഭയയുടെ നേതൃത്വത്തിൽ ആദരിച്ചു. 120 വയസ്സും ഒൻപത് മാസവും പിന്നിട്ട മലപ്പുറം വളാഞ്ചേരി പൂക്കാട്ടീരിയിലെ കലമ്പൻ തറവാട്ടിലെ കുഞ്ഞീരുമ്മയെ വലിയ കുന്ന് അഭയ ആയുർവേദ വെൽനസ്സ് സെൻ്ററിലെ സംഘമാണ് കലമ്പൻ തറവാട്ടിലെത്തി ആദരിച്ചത്.

ചടങ്ങിൽ അഭയയുടെ എം.ഡിയും ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോക്ടർ അംബിക കുഞ്ഞീരുമ്മയെ പൊന്നാട അണിയിച്ചു. അഭയയുടെ ആയുർവേദ മരുന്നുകളും നൽകി.
നിലവിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് റെക്കോർഡിലുള്ളത് സ്പെയിനിലെ 116 വയസുകാരിയായ മരിയ ബ്രാൻയാസിനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി എന്ന ബഹുമതി അധികം വൈകാതെ തന്നെ ഉമ്മയെ തേടിയെത്തുമെന്ന് കുഞ്ഞീരുമ്മയുടെ ഇളയ മകൻ മുഹമ്മദും ഭാര്യ അഫ്സയും പറഞ്ഞു.