സിനിമ വര്‍ത്തമാനം / എം എ സേവ്യര്‍
ഒരു നടന്‍ നിറഞ്ഞാടി പ്രേക്ഷകരെ ആവേശത്തിലും ചലച്ചിത്ര അനുഭൂതിയിലും മുന്നോട്ട് നയിക്കുന്ന ചിത്രമാണ് കടകന്‍. നായകനായ ഹക്കിം ഷാജഹാന്‍ ഈ ചിത്രത്തിലൂടെ തന്റെ കഴിവ് ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ്. എടുത്തുപറയത്തക്ക വലിയ താര നിരയൊന്നും ഇല്ലാതെ പരീക്ഷിച്ച പുത്തന്‍ താരോദയം കടകനിലൂടെ പ്രേക്ഷകര്‍ സ്വീകരിച്ചു. അതുകൊണ്ട് തന്നെ ഈ ചിത്രം ഹിറ്റ് സിനിമകള്‍ക്ക് ഒപ്പത്തിന് ഒപ്പം മുന്നേറുകയാണ്.
നായകന്റെ അഭിനയ മികവ് കൊണ്ടും സംവിധാനം, തിരക്കഥ മേക്കിങ് തുടങ്ങിയ ചേരുവകകള്‍ കൊണ്ടും പ്രേക്ഷകര്‍ക്കു പുതിയ ഒരു ആസ്വാദക സുഖം ഈ സിനിമ നല്‍കുന്നുണ്ട്. അടി പടത്തിന്റ സാധാരണ ഭാവത്തില്‍ നിന്നും മാറി പുതിയ ചിലതൊക്കെ നല്‍കാന്‍ ശ്രമിച്ചത് വിജയിച്ചു എന്ന് ചിത്രത്തിന്റെ നിറഞ്ഞ സദസ്സുകള്‍ തെളിയിക്കുന്നു.
തിയേറ്റര്‍ പടങ്ങളുടെ കടുത്ത മത്സരത്തില്‍ മികവ് പുലര്‍ത്തി മുന്നേറാന്‍ വേണ്ട അഭിനയ മികവ് അല്ലെങ്കില്‍ കയ്യൊതുക്കം ഹക്കിം ഷാജഹാന്‍ എന്ന പുതുനിര നായകനില്‍ കാണാം. ഇതുതന്നെയാണ് പ്രേക്ഷകരെ തിേയറ്ററില്‍ പിടിച്ചിരുത്തുന്നത്. മുഴുവന്‍ സമയ ത്രില്ലെര്‍ എന്നതിനപ്പുറം നാട്ടിന്‍ പുറത്തിന്റെ നേര്‍ക്കാഴ്ചകള്‍കൊണ്ട് സ്വഭാവികത നല്‍കുന്ന മേക്കിങ്. അതില്‍ നായകനും പൊലീസും ഇരു ഭാഗത്തും ശക്തമായ മുന്നേറ്റം. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നിലനിര്‍ത്താന്‍ ഹീറോയിസം നായകന്റെ തനതു പ്രകടനം.
സംവിധായകന്‍ സജില്‍ മമ്പാട് പരിചയ സമ്പന്ന സംവിധായകര്‍ക്ക് ഒപ്പം എത്തി നില്‍ക്കുന്ന ആവിഷ്‌കാരം. ഹരിശ്രീ അശോകന്‍, നിര്‍മല്‍ പാലാഴി, മണികണ്ഠന്‍ ആചാരി, സൂരജ്, വിജയകൃഷ്ണന്‍, ബിബിന്‍ പെരുമ്പള്ളി, ജാഫര്‍ ഇടുക്കി, സോനാ ഒലിക്കള്‍, ശരത് സഭ, ഫാഹിസ് ബിന്‍ റിഫായി, സിനോജ് വര്‍ഗീസ്, ഗീതി സംഗീത തുടങ്ങി പരിചയ സമ്പന്നരും പുതുമുഖങ്ങളും തിളങ്ങുന്ന ചിത്രം. നായിക സോനയും അച്ഛന്‍ വേഷത്തില്‍ ഹരിശ്രീ അശോകനും ഇതര കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് ക്യാമറക്കു മുന്നില്‍ കാഴ്ച്ച വെച്ചതെന്നു സ്‌ക്രീനില്‍ കാണുന്നുണ്ട്.
ശബ്ദം, സംഘട്ടനം, ഛയാഗ്രഹകന്‍ നല്‍കുന്ന കാഴ്ച്ചനുഭൂതി, എഡിറ്റിംഗ് തുടങ്ങി ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ എന്റര്‍ടൈന്‍മെന്റ് നിലനിര്‍ത്താന്‍ ശ്രമിച്ചട്ടുണ്ട്. ഡി ഒ പി ജാസിന്‍ ജാസീല്‍, നിര്‍മാണം ഖലീല്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, തിരക്കഥ ബോധി, എസ്. കെ മമ്പാട്, വിതരണം ഡികെ വേഫെറര്‍ ഫിലിംസ് എന്നിവരൊക്കെ അവരവരുടെ ഭാഗം കൃത്യമായും ഭംഗിയായും നിര്‍വഹിക്കുകയും ചെയ്തു.