ഭരത് കൈപ്പാറേടൻ
പാറ്റ്ന: ബീഹാർ തെരഞ്ഞെടുപ്പു ചൂടിൽ ചുട്ടു പഴുക്കുകയാണ്. ശനിയാഴ്ച ബിഹാറിലെ ഔറംഗബാദിലും ബെഗുസാരായിയിലും പ്രധാനമന്ത്രി മോദി പങ്കെടുത്ത റാലി ജനബാഹുല്യം കൊണ്ട് അതി ഗംഭീരമായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചി, കേന്ദ്രമന്ത്രി പശുപതി പരാസ് എന്നിവർ പങ്കെടുത്തു.
എന്നാൽ സർക്കാറിന്റെ ഔദ്യോഗിക പ്രതിനിധികൾ അല്ലാത്തതിനാൽ LJP നേതാവ് ചിരാഗ് പാസ്വാനും RLM അദ്ധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയും ഈ റാലികളിൽ പങ്കെടു ത്തിരുന്നില്ല. ഇത് മധ്യമങ്ങളിൽ ചർച്ചാവിഷയമാക്കി തെരെഞ്ഞെടുപ്പിനുള്ള ആയുധമാക്കാൻ ആർജെഡി ശ്രമമാരംഭിച്ചു. ഇതോടെ പ്രതികരണവുമായി ഉപേന്ദ്ര കുശ്വാഹയും അദ്ദേഹത്തിന്റെ ആർഎൽഎമും രംഗത്തു വന്നു.
ഇക്കാര്യത്തിൽ വെറുതെ ഒരു വിവാദമുണ്ടാക്കി ജനങ്ങളിൽ ചിന്താക്കുഴപ്പമുണ്ടാക്കാൻ ആർജെഡി നടത്തുന്ന ശ്രമം തീർത്തും അസംബന്ധമാണെന്ന് ആർഎൽഎം വക്താവ് നിതിൻ ഭാരതി പറഞ്ഞു. രണ്ടിടത്തായി മഹാറാലികളാണ് നടന്നതെങ്കിലും പ്രധാനമന്ത്രിയുടെ പരിപാടികൾ രണ്ടും സർക്കാർ ചടങ്ങുകളായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ചടങ്ങിൽ ഔദ്യോഗിക പദവികൾ വഹിക്കുന്നവർക്കു മാത്രമേ വേദി പങ്കിടാൻ കഴിയുമായിരുന്നുള്ളു. അതുകൊണ്ടാണ് ഉപേന്ദ്ര കുശ്വാഹ പോകാതിരുന്നതെന്ന് ഭാരതി വിശദീകരിച്ചു. ഞങ്ങളുടെ പാർട്ടിയുടെ എല്ലാ ജില്ലാതലത്തിലുള്ള പ്രവർത്തകരെല്ലാം അവിടെ എത്തിയിരുന്നു, താനും മറ്റു നേതാക്കളും അവിടെ പോയി. ഒരു ദിവസം മുമ്പ് സമസ്തിപൂരിൽ മോദിയുടെ റാലി നടന്നപ്പോൾ പൊതുയോഗത്തിൽ ഉപേന്ദ്രജിയും പങ്കെടുത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കിട്ടിയത് 39 സീറ്റുകളാണെങ്കിൽ ഇക്കുറി എന്തു സംഭവിച്ചാലും ബീഹാറിലെ 40 സീറ്റുകളിലും എൻഡിഎ വിജയിക്കുമെന്നും കരുത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്നാം തവണയും എൻഡിഎ മുന്നണി പ്രധാനമന്ത്രിയാക്കുമെന്നും ഞങ്ങളുടെ നേതാവ് ഉപേന്ദ്ര കുശ്വാഹ വ്യക്തമായി പറഞ്ഞിട്ടുണ്ട് , നിതിൻ ഭാരതി പറഞ്ഞു. ഞങ്ങളുടെ പാർട്ടിയുടെ നിലപാടിനെക്കുറിച്ച് ചിന്താക്കുഴപ്പം ഉണ്ടാക്കാൻ ആർജെഡി എന്തൊക്കെ ചർച്ചകൾ ഉയർത്തിക്കൊണ്ടുവന്നാലും അതൊന്നും വിലപ്പോവില്ല. ഞങ്ങൾ പൂർണമായും എൻഡിഎയ്‌ക്കൊപ്പമാണ്, ഭാരതി പറഞ്ഞു.