കട്ടപ്പന: പൊലീസ് മോഷണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള നിര്‍ണായക വിവരം. ഇവര്‍ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയവരാണെന്നാണ് പുറത്തുവരുന്ന വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍ (27), പുത്തന്‍പുരയിക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെയാണ് മോഷണ കേസില്‍ കസ്റ്റഡിയിലെടുത്തത്.
വിഷ്ണു വിജയന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാത ശിശു തുടങ്ങിയവരെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടതെന്ന് ഇവര്‍ വെളിപ്പെടുത്തി. ദുര്‍മന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും തെളിവുകള്‍ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്ന് നിതീഷ് വാങ്ങിക്കൊണ്ടുപോയത്. മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതും നിതീഷ് തന്നെയാണെന്നാണ് പറയുന്നത്.
വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയില്‍ ഉണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നഗരത്തിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടത്തിയ കേസിലാണ് വിഷ്ണുവും നിതീഷും അകത്തായത്. ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് നരബലി പുറത്തുവന്നിരിക്കുന്നത്.