അരിയും വാങ്ങാം മുഖ്യമന്ത്രിയുടെ പടവും കാണാം, പടംവച്ച പോസ്റ്ററിന്‍റെ ഫോട്ടോയെടുത്ത് അയച്ചില്ലെങ്കില്‍ നടപടിയെന്ന് റേഷന്‍കട ഉടമകള്‍ക്ക് സര്‍ക്കാറിന്‍റെ മുന്നറിയിപ്പ്

Kerala

തിരുവനന്തപുരം: റേഷന്‍ കടകളിലെത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയുടേയും ഭക്ഷ്യമന്ത്രിയുടേയും ചിത്രങ്ങള്‍ കാണുന്നതിന് സംവിധാനം ഒരുക്കുന്നു. സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകള്‍ക്ക് മുന്നിലും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റേയും ചിത്രമുള്ള പോസ്റ്റര്‍ പതിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് കടയുടമകള്‍ക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ ചില റേഷന്‍ കട ഉടമകള്‍ പോസ്റ്റര്‍ പതിക്കാന്‍ വിസമ്മതിച്ചു. ഇതോടെയാണ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി വാക്കാല്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്റെയും ചിത്രങ്ങളുള്ള പോസ്റ്റര്‍ കടകള്‍ക്കു മുന്നില്‍ പതിച്ചതിന്റെ ഫോട്ടോയെടുത്ത് ഉടന്‍ അയയ്ക്കണമെന്നാണ് കടയുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

സൗജന്യ റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിന് പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ബാനറും സെല്‍ഫി പോയിന്റും സ്ഥാപിക്കാന്‍ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ ‘അല്‍പത്തം’ എന്ന് വിശേഷിപ്പിച്ച് തള്ളിയ സംസ്ഥാന സര്‍ക്കാറാണ് ഇപ്പോള്‍ ഇതു കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അതേ ‘അല്‍പത്തം’ ചെയ്യുന്നത്.

‘അഭിമാനമാണ് നമ്മുടെ പൊതുഭരണം’ എന്ന തലക്കെട്ടോടെ സംസ്ഥാന സര്‍ക്കാരിന്റെ പോസ്റ്റര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കടകളില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ്’ എന്ന വാചകവും ഓരോ കാര്‍ഡ് ഉടമയ്ക്കും ലഭിക്കുന്ന റേഷന്‍ വിഹിതത്തിന്റെ വിവരങ്ങളും പോസ്റ്ററിലുണ്ട്. റേഷന്‍ വിഹിത വിവരങ്ങളുള്ള പ്രത്യേക ബോര്‍ഡ് കടകള്‍ക്കു മുന്നില്‍ പണ്ടേ ഉണ്ടായിരിക്കെയാണു പോസ്റ്റര്‍ ഇറക്കിയത്. അതേസമയം, പോസ്റ്റര്‍ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി.

പോസ്റ്റര്‍ പതിക്കാന്‍ ഇപ്പോഴും ഒരു വിഭാഗം വ്യാപാരികള്‍ തയാറായിട്ടില്ല. വേതനപരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കാത്തതാണു കാരണം. ജനുവരിയിലെ വേതനം വ്യാപാരികള്‍ക്ക് മാര്‍ച്ച് രണ്ടാംവാരമായിട്ടും ലഭിച്ചിട്ടുമില്ല.