പാലാ: സെൻ്റ് തോമസ് കോളജ് അലുംനി അസ്സോസിയേഷൻ ഏർപ്പെടുത്തിയ മികച്ച സംരംഭകനുള്ള 2024-ലെ ഫാ ജോസഫ് കുരീത്തടം അവാർഡിന് ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ മാനേജിങ് ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു അർഹനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ചെയർമാനും പാലാ മാനേജ്മെൻ്റ് അസ്സോസിയേഷൻ പ്രസിഡൻ്റ് ടി ജെ ജേക്കബ്ബ്, അലുംനി അസ്സോസിയേഷൻ പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 33333 രൂപയും ശില്പവും അടങ്ങുന്നതാണ് ഫാ ജോസഫ് കുരീത്തടം അവാർഡ്.
അവാർഡ് സമർപ്പണം 13 ന് ഉച്ചകഴിഞ്ഞ് കോളജിലെ സെൻ്റ് ജോസഫ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻമാസ്റ്റർ നിർവ്വഹിക്കും.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ, കോട്ടക്കൽ എന്നിവിടങ്ങളിലും യു.എ.ഇ.യിലുമായി 50000 വിദ്യാർത്ഥികൾ കോച്ചിംഗ് ക്ലാസ്സുകളിൽ അധ്യയനം നടത്തുന്നു. രണ്ടായിരത്തോളം പേർക്ക് നേരിട്ടും അയ്യായിരത്തോളം പേർക്ക് പരോക്ഷമായും ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ജോലി നൽകുന്നുണ്ട്. മോൺ ഇമ്മാനുവൽ മേച്ചേരിക്കുന്നേൽ അവാർഡ് ഡോ കെ. എൻ. മുരളീധരൻ നായർക്ക് സമ്മാനിക്കും. യോഗത്തിൽ പാലാ മുനിസിപ്പൽ ചെയർമാനും പൂർവ്വവിദ്യാർത്ഥിയുമായ ഷാജു തുരുത്തനെ ആദരിക്കും. പ്രിൻസിപ്പൽ പ്രൊഫ ഡോ. ജയിംസ് ജോൺ മംഗലത്ത്, പ്രസിഡൻ്റ് ഡിജോ കാപ്പൻ എന്നിവർ പ്രസംഗിക്കും.–