മാണി സി കാപ്പന്‍ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി

Kottayam

തലനാട്: എം എല്‍ എ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരിയെന്ന് മേലടുക്കം സി എസ് ഐ പള്ളി നിവാസികള്‍ ഇനി പറയും. കഴിഞ്ഞ വര്‍ഷം ക്രിസ്തുമസ് കരോള്‍ പരിപാടികളില്‍ പങ്കെടുക്കവെ മാണി സി കാപ്പന്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാര്‍. നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച 51 ലക്ഷം രൂപ ഉപയോഗിച്ചു മേലടുക്കം സി എസ് ഐ പള്ളി പഴുക്കാക്കാനം റോഡ് നവീകരണത്തിന് തുടക്കമായതിന്റെ ആഹ്ലാദമാണ് ഈ മേഖലയില്‍.

250 ല്‍ പരം കുടുംബങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു റോഡ് നവീകരണം. റോഡിന്റെ ശോച്യാവസ്ഥ കാരണം ഈ മേഖലയിലുള്ളവര്‍ വര്‍ഷങ്ങളായി ദുരിതത്തിലായിരുന്നു. ആളുകളുടെ ദുരിതം നേരില്‍ കണ്ട ബോധ്യപ്പെട്ടതോടെ തുക അനുവദിക്കുന്നതിന് മാണി സി കാപ്പന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടുത്ത ക്രിസ്തുമസ് കരോളിന് മുമ്പ് റോഡ് പൂര്‍ത്തിയാക്കുമെന്ന് അന്ന് എം എല്‍ എ നാട്ടുകാര്‍ക്ക് വാക്കു നല്‍കിയിരുന്നു. ഒരു കിലോമീറ്റര്‍ ദൂരമാണ് മനോഹരമായി നവീകരിച്ചിരിക്കുന്നത്. റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് വൈസ്പ്രസിഡന്റ് കുര്യന്‍ നെല്ലുവേലിയില്‍, തലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍, മെമ്പര്‍മാരായ സെബാസ്റ്റ്യന്‍ അങ്ങാടിക്കല്‍, രോഹിണിഭായി ഉണ്ണികൃഷ്ണന്‍, ദിലീപ്, മേലടുക്കം സി എസ് ഐ പള്ളി വികാരി ഫാ. ജോബി, താഹ അടുക്കം, ബേബി പുതനപ്രകുന്നേല്‍, സ്‌കറിയ കാണിയറത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.