തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. യു ഡി എഫും എല്‍ ഡി എഫുമെല്ലാം പ്രതിഷേധത്തില്‍ പിന്നിലല്ല. ഒരു വശത്ത് എല്‍ ഡി എഫ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോള്‍ തന്നെ എല്‍ ഡി എഫ് സര്‍ക്കാര്‍ മറുവശത്ത് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുകയാണ്. ഇന്നലെ വിവിധ സംഘടനകള്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ നൂറിലധികം പേര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. മ്യൂസിയം പൊലീസാണ് കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഇന്നലെ വൈകിട്ട് വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ സംഘടനകളുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇന്നലെ രാത്രി 10 മണിയോടെ വിവിധ സംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഈ മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തില്ലെങ്കിലും അനധികൃതമായി സംഘം ചേരല്‍, ഗതാഗത തടസം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നും ശക്തമാകാനിരിക്കെ രാജ്ഭവന്‍ പരിസരത്ത് പൊലീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. മണ്ഡല തലത്തില്‍ ഇന്നാണ് യു ഡി എഫ് പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് യു ഡി എഫ് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
നിയമം നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. യു ഡി എഫ് എന്ന നിലയില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസനും വ്യക്തമാക്കിയിരുന്നു.
അതേസമയം, വിഷയത്തില്‍ ഇടതുമുന്നണിയുടെ പ്രതിഷേധവും ഇന്ന് നടക്കും. രാജ്ഭവനിലേക്കാണ് എല്‍ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ രാവിലെ 11ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.