നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
എ വി ഫര്‍ദിസ്
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ബി ജെ പി നേതാക്കളുടെ സാന്നിധ്യമുണ്ടാക്കിയ വിവാദത്തെ അതീവ ആശങ്കയോടെ കണ്ട് ഇടതുപക്ഷം. ഉദ്ഘാടന ദിവസമായ വ്യാഴാഴ്ച സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് നടന്ന പ്രത്യേക സെഷനിലാണ് ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായിരുന്ന നിലവില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പങ്കെടുത്തത്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ തുടക്കത്തിലും അവസാനത്തിലും പ്രോട്ടോകോള്‍ പ്രകാരം ദേശീയ ഗാനത്തോടെയായിരുന്നു തുടങ്ങിയത്. ഇതിനു ശേഷമായിരുന്നു സമ്മേളനത്തിന്റെ ഔപചാരികോദ്ഘാടനം. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മുജാഹിദ് സമ്മേളനം ദേശീയ ഗാനത്തോടെ തുടങ്ങിയെന്ന രീതിയില്‍ നവ മാധ്യമങ്ങളിലും മറ്റും ഇത് വൈറലായി.
ശ്രീധരന്‍ പിള്ളയുടെ പ്രസംഗവും ഇതേ പോലെ ഏറെ ചര്‍ച്ചയായതോടെയാണ് ഇടതുപക്ഷ നേതാക്കള്‍ ഇക്കാര്യത്തെ ഏറെ ഗൗരവമായെടുത്തത്. മുസ്‌ലിംങ്ങളില്‍ സുന്നികള്‍ കഴിഞ്ഞാല്‍, പ്രബല വിഭാഗമായ മുജാഹിദുകള്‍, മലബാറിലെ പല മുസ്‌ലിം ഭൂരീപക്ഷ മണ്ഡലങ്ങളിലും ചെറുതല്ലാത്ത നിര്‍ണായക ശക്തിയാണ്. ശ്രീധരന്‍ പിള്ളയോടൊപ്പം കേന്ദ്ര മന്ത്രി വി മുരളീധരനും ഇന്നലെ സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. പക്ഷേ തിരുവനന്തപുരത്തായതിനാല്‍ വി മുരളീധരന്‍ ഇന്നലെ സമ്മേളനത്തിനെത്തിയിരുന്നില്ല.
പൊതുവെ മുസ്ലിം ലീഗനുകൂല നിലപാടുള്ള മുജാഹിദ് വിഭാഗങ്ങള്‍, ഇടയ്ക്ക് അടവുനയത്തിന്റെ ഭാഗമായി സി പി എമ്മുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ജനം ടി വി യുടെ വിവാദ ഇന്റര്‍വ്യൂവിലൂടെ ശ്രദ്ധേയനായ
കെ എന്‍ എം സെക്രട്ടറി മജീദ് സ്വലാഹി തന്നെ പരസ്യമായി പോസ്റ്റിട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുജാഹിദടക്കമുള്ള മുസ്‌ലിം വിഭാഗങ്ങളുടെ പിന്തുണ മലബാറില്‍ ഏറെ ഗുണം ചെയ്തതായി സി പി എം വിലയിരുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഭാഗത്തെ വരുംകാലത്തും കൂടെ നില നിറുത്തുകയെന്നത് സി പി എമ്മും ഇടതുമുന്നണിയും പ്രധാന കാര്യമായി തന്നെയാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍. ഇതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ടു ദിവസമായി മുജാഹിദ് സമ്മേളനത്തിനെത്തിയ ഇടതുപക്ഷ നേതാക്കളെല്ലാം സംഘ്പരിവാറിന്റെ ചമല്‍ക്കാരങ്ങളില്‍ മുജാഹിദ് പ്രസ്ഥാനവും നേതാക്കളും വീഴരുതെന്ന അഭ്യര്‍ഥനയാണ് കാര്യമായി നടത്തിയത്.
ബിനോയ് വിശ്വം എം പിയാണ് ഇതിന് തുടക്കമിട്ടത്. ഇന്നലെ മന്ത്രി പി രാജീവനും, എം പി ജോണ്‍ ബ്രിട്ടാസും ഇത് തുടരുകയായിരുന്നു. ബി ജെ പി മുസ്‌ലിംങ്ങളെ ബോധപൂര്‍വം ബുദ്ധിമുട്ടിക്കുന്നില്ലെന്നുള്ളത് ഈ സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന വര്‍ത്തമാനമാണെന്നത് തിരിച്ചറിയണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞപ്പോള്‍ ആര്‍ എസ് എസുകാരെ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ കാണിക്കുന്ന താല്‍പര്യം നിങ്ങളെ ഉള്‍ക്കൊള്ളാന്‍ ബി ജെ പി നേതൃത്വം കാണിക്കുമോ എന്ന ചോദ്യം മുജാഹിദ് നേതാക്കള്‍ സംഘ്പരിവാര്‍ നേതൃത്വത്തോട് ചോദിക്കണമെന്ന ഉപദേശമാണ് ജോണ്‍ബ്രിട്ടാസ് നല്കിയത്.
എന്നാല്‍ ലീഗ് നേതാക്കളായ പി എം എ സലാമും അബ്ദുസ്സമദ് സമദാനിയുമൊന്നും ഈ നിലക്കുള്ള ഉപദേശങ്ങള്‍ തങ്ങളുടെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. സലാമാകട്ടെ, ഫാഷിസം പോലെ തന്നെ പേടിക്കേണ്ടതാണ്, സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന ലിബറല്‍ നയങ്ങള്‍ എന്നതാണ് പ്രധാന കാര്യമായി ചൂണ്ടിക്കാണിച്ചത്. മന്ത്രി വി മുരളീധരന്‍ കൂടി സമ്മേളനത്തില്‍ അതിഥിയായി വരും ദിവസങ്ങളില്‍ എത്തുകയാണെങ്കില്‍ അത് വരുംകാലത്ത് കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ബി ജെ പി തുറക്കുവാന്‍ പേകുന്ന പുതിയെരു അധ്യായത്തിന്റെ തുടക്കമാകും.