മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മുറിയിലെത്തിയ യുവതി തൂങ്ങി മരിച്ചു

Idukki

ഇടുക്കി: ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജ്യോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. കൊച്ചി ധനുഷ് കോടി ദേശീയപാതയില്‍ പഴയ മൂന്നാര്‍ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് ഭര്‍ത്താവ് കുളിക്കാന്‍ ബാത്ത്റൂമില്‍ കയറിയ സമയത്തായിരുന്നു യുവതി ജീവനൊടുക്കിയത്. മുറിയിലെ ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയോടെയാണ് കുടുംബം മുറിയില്‍ മടങ്ങിയെത്തിയത്. രണ്ടു വയസ്സ് പ്രായമായ മകനും മുറിയില്‍ ഉണ്ടായിരുന്നു.