തളിപ്പറമ്പ: സർവീസ് പെൻഷൻകാർക്ക് 39 മാസത്തെ കുടിശിക എന്ന് അനുവദിക്കുമെന്ന് വ്യക്തമാക്കാതെ 2 ശതമാനം ഡി എ മാത്രം നൽകാൻ ഉത്തരവിറക്കി സർക്കാർ വഞ്ചിച്ചുവെന്ന് ആരോപിച്ച് കെ.എസ്.എസ്.പി.എ തളപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് ഓഫീസിന് മുന്നിൽ ഡി.എ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ചു. ജീവനക്കാരുടെയും അധ്യാപകരുടേയും സർവീസ്‌പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാർ ഐ.എ.എസ്, ഐ.പി.എസ് കാരുടെ ആനുകൂല്യങ്ങൾ നൽകാൻ സാമ്പത്തിക പ്രതിസന്ധി കാരണമാകുന്നില്ലെന്നും കെ.എസ്.എസ്.പി.എ കുറ്റപ്പെടുത്തി.39 മാസത്തെ ഡി എ കുടിശികയും ശേഷിക്കുന്ന 19 ശതമാനം ഡി.എ അർഹമായ കുടിശികയോടെ അനുവദിക്കണമെന്നും കെ.എസ്.എസ്.പി.എ ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി സുഖദേവൻ, ജില്ലാ സെക്രട്ടറി കെ.സി രാജൻ, ജോ. സെക്രട്ടറിമാരായ എം.പി കുഞ്ഞിമൊയ്തീൻ, സി.ശ്രീധരൻ, സെക്രട്ടറിയേറ്റംഗം പി.ജെ മാത്യു, തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി കെ.വി.പ്രേമരാജൻ, വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നിന്ന് താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രകടനത്തിന് ഇ.വിജയൻ, കെ.പി ചന്ദ്രൻ , യു.നാരായണൻ, വി.പി ശേഖരൻ, പി.എം മാത്യു, പി.ഗോവിന്ദൻ ,കെ.മധു, എന്നിവർ നേതൃത്വം നൽകി.