ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാടിനോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ഓവേലിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(44) മരിച്ചത്.
ഇന്നലെ രാത്രി 10.45ഓടെ തൊട്ടടുത്ത വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനം പ്രദേശത്തില്‍ നിന്നും ഇറങ്ങി വന്ന കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണം.