തളിപ്പറമ്പ: മനുഷ്യജീവിതത്തിൻ്റെ സകല വഴികളിലും വിശുദ്ധ ഖുർആൻ പ്രകാശം നൽകുന്നുണ്ടെന്നും തിന്മയുടെ ഇതളുകളിൽ നിന്നു ഏക സത്യപ്രകാശത്തിലേക്ക് മനുഷ്യരെ ക്ഷണിക്കുന്ന ഈ വേദവെളിച്ചം കിട്ടാൻ ഖുർആൻ പഠനം നിത്യ ചര്യയാക്കണമെന്നും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ.കെ.എൻ.എം മർകസുദ്ദഅവ തളിപ്പറമ്പ ശാഖയുടെ റമദാൻ പ്രഭാഷണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകദൈവാരാധന, ജീവിതലക്ഷ്യം, മാനവികത, ധർമനിഷ്ഠ, മാതൃപിതൃബന്ധങ്ങൾ, പരിസ്ഥിതി പരിപാലനം, കുടുംബഭദ്രത, വ്യക്തി ശുദ്ധി, സുരക്ഷിതത്വം, ആരോഗ്യ-ശിശു പരിപാലനം, ദേശ സ്നേഹം, മതസഹിഷ്ണുത, തുല്യനീതിയും സ്ത്രീ പുരുഷ ധർമങ്ങളും, ധനാഗമന മാർഗവും അച്ചടക്കവും, ദാമ്പത്യ ജീവിതം, ആതുരസേവനം, ദാരിദ്ര നിർമാർജനം, ചികിത്സാരീതി ശാസ്ത്രം, അവയവദാനം, സൗന്ദര്യവും സർഗാത്മക ജീവിതവും, ജൈവലോകത്തെ അൽഭുതങ്ങൾ, ആകാശ – ഭൗമ ലോകം, വികസനവും, പുരോഗതിയും, നഗരവത്ക്കരണം തുടങ്ങി സമ്പൂർണവും സമഗ്രഹവുമായ മാർഗദർശനമാണ് വേദ വെളിച്ചം.
പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സി.കെ മുഹമ്മദ്, വി സുലൈമാൻ, കെ.ഇബ്രാഹിം സംസാരിച്ചു.