തിരുവനന്തപുരം: ഇന്നലെകളുടെ ശക്തവും ദൃഢവുമായ സാഹിത്യ സാംസ്കാരിക തനിമ നിലനിർത്തി നെയ്യാറ്റിൻകരയുടെ അഭിമാനചരിത്രം വിളംബരം ചെയ്ത് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ. രാജമോഹനൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “നെയ്യാർ പെരുമ” യ്ക്ക് ഉജ്വല പരിസമാപ്തി.

നെയ്യാർ പെരുമ എന്ന ത്രിദിന സാംസ്കാരികോത്സവത്തിൻ്റെ ആദ്യ എഡിഷന്റെ സമാപനോദ്ഘാടനവും വിവിധ തലങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച എഴുപതോളം പേർക്ക് നെയ്യാറ്റിന്‍കര നഗരസഭയുടെ ആദര സമര്‍പ്പണവും കെ. ആൻസലൻ എംഎല്‍എ നിർവഹിച്ചു. നെയ്യാറ്റിന്‍കരയുടെ സാംസ്കാരിക ഇന്നലെകളെ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി നെയ്യാറ്റിന്‍കര വെടിവയ്പിന്റെ ചരിത്രഫലകം ചടങ്ങില്‍ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ പി.കെ. രാജമോഹനൻ അധ്യക്ഷനായിരുന്നു.

നഗരസഭ സെക്രട്ടറി ബി. സാനന്ദസിങ്, കേരള സര്‍വകലാശാല മലയാളം വിഭാഗം പ്രഫസര്‍ ഡോ. എം.എ സിദ്ദീഖ്, കേരള സര്‍വകലാശാല സോഷ്യോളജി വിഭാഗം അസി. പ്രഫസര്‍ എസ്.ജി. ബീനാമോൾ, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ഷിബു ആറാലുംമൂട്, ചരിത്രകാരനും അധ്യാപകനുമായ ഡോ. സി.വി.സുരേഷ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിൻ, ഡോ. എം.എ.സാദത്ത്, എന്‍.കെ അനിതകുമാരി, കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, മഞ്ചത്തല സുരേഷ്, പ്രസന്നകുമാര്‍, ഗ്രാമം പ്രവീൺ, സൗമ്യ, ഐശ്വര്യ, ആർ.അജിത, സൂപ്രണ്ട് പ്രദീപ് കുമാരപിള്ള, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ജനപ്രതിനിധികള്‍, സാഹിത്യ – സാംസ്കാരിക പ്രവർത്തകർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിച്ചു.

ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച ശ്രീക്കുട്ടി ആയിരുന്നു നെയ്യാര്‍ പെരുമയുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രോഗ്രാം എക്സിക്യൂട്ടീവ് വി. കേശവൻകുട്ടി, ജനറല്‍ കണ്‍വീനര്‍ അഡ്വ. തലയൽ പ്രകാശ്, ക്രിയേറ്റീവ് ഹെഡ് അജയൻ അരുവിപ്പുറം, ചീഫ് കോർഡിനേറ്റർ ഗിരീഷ് പരുത്തിമഠം, മീഡിയ കോർഡിനേറ്റർമാരായ ഹരിചാരുത, സജിലാൽ നായർ, ഒഡേസ സുരേഷ്, എസ്. ശ്രീകാന്ത് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.

സ്വദേശാഭിമാനി ഠൗൺ ഹാളിൽ സംഘടിപ്പിച്ച നാടിൻ്റെ ചരിത്ര പ്രദർശനം, ഫോട്ടോ എക്സിബിഷൻ, ചലച്ചിത്ര സംബന്ധിയായ നോട്ടീസ്- പാട്ടുപുസ്തക പ്രദർശനം, ഡോക്യുഫെസ്റ്റ്, സ്നേഹാദരവുകൾ, കുട്ടികളുടെ നാടകം, നെയ്യാറ്റിൻകരയിലെ എഴുത്തുകാരുടെ പുസ്തക പ്രദർശനം, സംവാദങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉള്‍പ്പെട്ടതായിരുന്നു നെയ്യാര്‍ പെരുമ.