ഗര്‍ഭിണിയായതോടെ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കി, 19 കാരിയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Thiruvananthapuram

തിരുവനന്തപുരം: ഗര്‍ഭിണിയായതോടെ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കിയതിനെ തുടര്‍ന്ന് 19 കാരിയായ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വര്‍ക്കല മണമ്പൂര്‍ പേരേറ്റ്കാട്ടില്‍ വീട്ടില്‍ ലക്ഷ്മി ആണ് മരിച്ചത്. ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരുന്നു ലക്ഷ്മി. വിവാഹ ശേഷം തുടര്‍ പഠനവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കിരണുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഭര്‍ത്താവിനൊപ്പം വാടകക്ക് താമസിക്കുന്ന വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ലക്ഷ്മിയെ കണ്ടെത്തിയത്. 11 മാസം മുന്‍പായിരുന്നു ഇരുവരുടെയും പ്രണയ വിവാഹം നടന്നത്. ഗര്‍ഭിണി ആയതിനാല്‍ പഠിക്കാന്‍ പോകുന്നത് ഭര്‍ത്താവ് വിലക്കി. ഇതോടെ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തണമെന്ന് അവശ്യപ്പെട്ടെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും പറയപ്പെടുന്നു. ഇതാവാം ആത്മഹത്യ ക്ക് പ്രേരിപ്പിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ കേസെടുത്ത കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.