എ വി ഫര്‍ദിസ്
കോഴിക്കോട്: ചെണ്ട മേളം സ്‌റ്റേജ് ആറായ സെന്റ് ജോസഫ് സ്‌കൂളിലെ നാരകം പൂരത്തില്‍ കൊട്ടിക്കയറുമ്പോള്‍, സദസ്സില്‍ നിന്നല്‍പം മാറി, മരച്ചുവട്ടിലിരുന്ന് മര കമ്പ് കൊണ്ട് താളം പിടിച്ച തട്ടമിട്ട ആയിഷ ബി താത്ത നഗരിയിലെ വേറിട്ട കാഴ്ചകളിലൊന്നായി. അടുത്തു ചെന്നു ചോദിച്ചപ്പോഴാണ് തന്റെ ചെറുപ്പകാലത്തെ ഓര്‍മകളിലേക്ക് കൂടി ഈ താളം പിടിക്കലിലൂടെ ഊളിയിട്ടിറങ്ങുകയാണ് അറുപതുകാരിയായ ഈ താത്ത.
ആലപ്പുഴ മുല്ലക്കല്‍ സ്വദേശിനിയായ ഇവര്‍ വിവാഹം കഴിഞ്ഞ് നാലു പതിറ്റാണ്ട് മുന്‍പ് ഭര്‍ത്താവിന്റെ നാടായ കോഴിക്കോട്ടെത്തിയതാണ്. കലോത്സവവേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിനു തൊട്ടടുത്തെ ഫ്‌ലാറ്റിലാണ് മക്കളോടൊപ്പം താമസം. പത്രമെടുത്ത് നോക്കിയപ്പോഴാണ് ചെണ്ടമേളം മത്സരം നടക്കുന്നതറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല, പേരക്കുട്ടിയായ നാലുവയസ്സുകാരി എല്‍ സല്‍ സോയയുമായി ഇവിടെയെത്തി. ചെണ്ടമേളം കൊട്ടിക്കയറുമ്പോള്‍, തന്റെ ചെറുപ്പകാലത്തെ മുല്ലക്കലെ ക്ഷേത്രോത്സവങ്ങള്‍ക്ക് പോയപ്പോഴുള്ള ഓര്‍മകളാണ് മനസ്സിലേക്കും കൊട്ടിക്കയറി വന്നതെന്ന് ഇവര്‍ പറഞ്ഞു. മണിക്കൂറുകളോളമാണ് ഇവര്‍ മേളം ആസ്വദിച്ചത്.
ബിസിനസ്സുകാരനായ ഭര്‍ത്താവ് ഖാലീദ് ഏതാനും വര്‍ഷം മുന്‍പ് മരിച്ചു. രണ്ട് ആണ്‍ മക്കള്‍ എഞ്ചിനീയര്‍മാരാണ്. ഒരാള്‍ അബൂദാബിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതേ പോലെ ഫ്രാന്‍സില്‍ നിന്നുള്ള രണ്ട് വിനോദ സഞ്ചാരികളും ചെണ്ട മേളത്തിന്റെ ബഹളം കേട്ട് കാണുവാന്‍ വേദിയിലെത്തിയിരുന്നു.