തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാമുകന്‍ പിടിയില്‍. തിരുവനന്തപുരത്ത് വെള്ളറടയിലാണ് പതിനാലുകാരിയെ 21കാരന്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയത്. സംഭവത്തില്‍ മൈലക്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. സമൂഹമാദ്ധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
പെണ്‍കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കള്‍ പരിസര പ്രദേശത്തും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രതിയോടൊപ്പം പോകുന്നത് കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. നേരത്തെ മറ്റൊരു പോക്‌സോ കേസിലെ പ്രതിയാണ് ശ്രീരാജ്.