കോഴിക്കോട് : വംശീയതയും വർഗീയ ചിന്തകളും വർദ്ധിച്ച് വരുന്ന ലോകത്ത് മാനവികതയുടെ സന്ദേശം പ്രചരിപ്പിക്കാൻ വിശുദ്ധ റമദാൻ വിശ്വാസികൾക്ക് പ്രചോദനമാകണമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ സിറ്റി മണ്ഡലം സംഘടിപ്പിച്ച യുവപഥം ആഹ്വാനം ചെയ്തു.
പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവും വിശ്വാസി സമൂഹത്തിൻ്റെ ബാദ്ധ്യതയാണ്. വിശുദ്ധ ക്വുർആൻ പഠിപ്പിച്ച നന്മയുടെ പ്രചാരണവും, തിന്മക്കെതിരെയുള്ള പ്രതിരോധവും നാം വിസ്മരിച്ച് കൂടാ.
കടുത്ത വേനൽ ചൂട് അനുഭവിക്കുന്ന ഈ സന്ദർഭത്തിൽ പക്ഷികൾ ഉൾപ്പെടെയുള്ള ജീവികൾക്ക് ആശ്വാസം ലഭിക്കുന്ന വിധമുള്ള പദ്ധതികൾ നടപ്പിലാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും യുവപദം ആവശ്യപ്പെട്ടു. മെയ് 5ന് കോഴിക്കോട് കടപ്പുത്ത് നടക്കുന്ന വിസ്ഡം ജില്ലാ ഫാമിലി കോൺഫ്രൻസിന്റെ ഭാഗമായാണ് യുവപഥം സംഘടിപ്പിച്ചത്. വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി എ എം ജംഷീർ (കാരപ്പറമ്പ്) ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി ബി വി അബ്ദുള്ള മുബാറക്ക് അധ്യക്ഷത വഹിച്ചു. ഇർഫാനുൽ ഹബീബ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി പി സി ജംഷീർ, യൂത്ത് വിംഗ് മണ്ഡലം ഭാരവാഹികളായ വി സാബിർ, ആബിദ് അഹ്മദ്, അബീഷ്, സി വി ഹാരിസ്, അനസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് ഷഹീൽ സ്വാഗതവും ട്രഷറർ മുഹമ്മദ് ജാഫിക് നന്ദിയും പറഞ്ഞു.