പത്തനംതിട്ട: അനു കൈവിട്ടുപോകുമെന്ന ഭയമാണ് ഹാഷിമിനെ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. കായംകുളത്ത് ഭര്‍ത്താവ് പണികഴിപ്പിച്ച വീട്ടിലേക്ക് മാറി താമസിക്കാനുള്ള അനുജയുടെ തീരുമാനം ഹാഷിം അറിഞ്ഞതാണ് മരണത്തില്‍ കലാശിക്കാന്‍ കാരണമായ അപകടത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. പുതിയ വീട്ടിലേക്ക് അനുജ താമസം മാറാന്‍ ഒരുങ്ങുന്നവെയായിരുന്നു അപകടം നടന്നത് എന്നതാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം.
ഒരു വര്‍ഷം മുന്‍പാണ് അനുജയുടെ ഭര്‍ത്താവ് കായംകുളത്ത് പുതിയ വീടുവച്ചത്. മാര്‍ച്ച് 30ന് ആണ് മറ്റപ്പള്ളിയില്‍നിന്ന് കായംകുളത്തേക്ക് താമസം മാറാന്‍ അനുജ തീരുമാനിച്ചിരുന്നതെന്നാണ് വിവരം. അനുജയുടെ ഭര്‍ത്താവിന് ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അടുത്തിടെ സൂചന ലഭിച്ചിരുന്നെന്നാണ് വിവരം. ഹാഷിം മൂന്നു വര്‍ഷമായി ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസം. അനുജയുടെ വീട്ടില്‍ ഹാഷിമിനെ രണ്ടുമൂന്നു തവണ കണ്ടതായും നാട്ടുകാര്‍ പറയുന്നു. അനുജയില്‍നിന്ന് ഹാഷിം പല തവണ പണം വാങ്ങിയിരുന്നതായും പൊലീസ് സംശയിക്കുന്നു.
താമസം മാറുന്നതോടെ സാമ്പത്തിക സഹായം നിന്ന് പോകുമെന്നും അനുജ അകലുമെന്നും ഭയന്നാവാം ഹാഷിം ഈ കൃത്യം ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്. ഇവരുടെ അടുപ്പത്തെപ്പറ്റി ബന്ധുക്കള്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ ഒരു വിവരവുമില്ല. പന്തളം പത്തനംതിട്ട വഴി ഓടുന്ന ബസിലാണ് ഹാഷിം ആദ്യം ജോലി ചെയ്തിരുന്നത്. ഈ ബസിലാണ് അനുജ യാത്ര ചെയ്തിരുന്നത്. ആ സമയത്ത് പരിചയത്തിലായതാവാമെന്നാണ് നാട്ടുകാര്‍ ഉള്‍പ്പടെവര്‍ കരുതുന്നത്.