കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു

Wayanad

പടിഞ്ഞാറത്തറ: കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചു. ജോമോന്‍ വാളാത്തറയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡന്റ് ഹംസ നെട്ടൂക്കുടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അരുണ്‍ ഗോയല്‍ 2027വരെ ഔദ്യോഗിക കാലാവധി ഉണ്ടായിരിക്കെ പൊടുന്നനെയുള്ള രാജി പ്രഖ്യാപനത്തിന് പിന്നില്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള നിഗൂഢനീക്കം ആണെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലയ്മയും സാമ്പത്തിക നയ വൈകല്യവും ധൂര്‍ത്തും കാരണമായി സമസ്ത മേഖലകളിലും ഉണ്ടായിട്ടുള്ള അനിയന്ത്രിതമായ വില വര്‍ധനവ് നാട്ടില്‍ ജന ജീവിതം ദുസഹമാക്കിയിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എസ് ഹര്‍ഷന്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്യജീവി ആക്രമണം മൂലം കേരളത്തില്‍ തുടര്‍ച്ചയായി അപകടങ്ങളും മരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് വനം വന്യജീവി വകുപ്പിന്റെ പരാജയമാണെന്ന് സംസ്ഥാന സെക്രട്ടറി കുന്നത്ത് ഹബീബുളള മാസ്റ്റര്‍ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെടുന്നില്ലെങ്കില്‍ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ പി ഷഫീഖ്, മുഹമ്മദ് അലി. കെ ബാവ, ജസീലുദ്ദീന്‍ നെട്ടൂക്കുടി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ജോമോന്‍ വാളാത്തറ, ജില്ലാ ജനറല്‍ സെക്രട്ടറി സജി മാത്യു, ജില്ലാ ട്രഷറര്‍ മുബാറക്ക് കണ്ടിയാന്‍, വൈസ് പ്രസിഡന്റുമാര്‍ അനൂപ് പനമരം, ഉസ്മാന്‍ കോറോം, സെക്രട്ടറിമാര്‍ അബ്ദുല്‍ മജീദ്, മൊയ്തീന്‍ പി കെ, കമ്മറ്റി അംഗങ്ങള്‍ അയ്യപ്പന്‍ മാടക്കുന്ന്, സതീഷ് എം റ്റി, ജോഷി വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.