പടിഞ്ഞാറത്തറ: കാപ്പിക്കളം കുറ്റിയാംവയല്‍ വഴി മാനന്തവാടിക്കുള്ള റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെ എസ് ആര്‍ ടി സി ഓട്ടം നിര്‍ത്തിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. പ്രസ്തുത റൂട്ടിലെ സര്‍വിസ് ഉടന്‍ പുനരാരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണമെന്ന് കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാപ്പികളത്തുനിന്നും കുറ്റിയാംവയല്‍ വഴി രാവിലെ 7.30ന് മാനന്തവാടിക്ക് നടത്തിയിരുന്ന സര്‍വീസ് ജോലിക്കുപോകുന്നവര്‍ക്കും മറ്റും ഏറെ സൗകര്യപ്രദമായിരുന്നു. എന്നാല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഏക കെ എസ് ആര്‍ ടി സി ബസ് ഒരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയിരിക്കുകയാണ്.
യാത്രക്കാരെ പെരുവഴിയിലാക്കുന്ന നിലപാട് തിരുത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാകണം. വൈകുന്നേരം അധിക സര്‍വീസ് നടത്തണമെന്നും കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പടിഞ്ഞാറത്തറ വ്യാപാരി ഭവനില്‍ നടന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സജി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോമോന്‍ വളത്തറ ഉദ്ഘാടനം ചെയ്തു. സജി മാത്യു, ഉസ്മാന്‍ കോറോം, അബ്ദുല്‍ മജീദ്, മൊയ്തീന്‍ P.K, സതീഷ് M.T മുബാറക്ക് പടിഞ്ഞാറത്തറ, അനൂപ് പനമരം എന്നിവര്‍ പ്രസംഗിച്ചു.