പോരിനുറച്ച് രാജ്ഭവന്‍, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ കേസിന്‍റെ വിവരങ്ങള്‍ അന്വേഷിക്കുന്നു

Kerala

തിരുവനന്തപുരം: തനിക്കെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ കേസിന്റെ വിശദാംശങ്ങള്‍ രാജ്ഭവന്‍ പരിശോധിക്കുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പേരിലുള്ള വധശ്രമക്കേസിലെ ജാമ്യം റദ്ദാക്കിയിട്ട് ആറു മാസം ആയെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയായ ആര്‍ഷോ പൊലീസിന് കണ്‍മുന്നില്‍ ഗവര്‍ണറെയും പൊലീസിനെയും വെല്ലുവിളിച്ചിട്ടും പൊലീസ് കയ്യുംകെട്ടി നിന്നുവെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപണം ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ‘പിടികിട്ടാ പുള്ളി’യാണോ ആര്‍ഷോ എന്ന അന്വേഷണം രാജ് ഭവന്‍ തുടങ്ങിയത്.

പി എം ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി ജനുവരിയില്‍ റദ്ദാക്കിയെന്നാണ് ആരോപണം. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആര്‍ഷോ ലംഘിച്ചത്. ഈ സാഹചര്യത്തില്‍ ആര്‍ഷോയെ അറസ്റ്റ് ചെയ്യേണ്ട ബാധ്യത പൊലീസിനുണ്ടെന്നാണ് ബി ജെ പി നേതൃത്വം പറയുന്നത്. എന്നാല്‍ അത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ആര്‍ഷോയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

റിമാന്റില്‍ കഴിയവെ ആര്‍ഷോ സര്‍വ്വകലാശാല പരീക്ഷ പാസായത് വിവാദമായിരുന്നു. ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളില്‍ പ്രതിയായതോടെ ഹൈക്കോടതി നേരത്തെ നല്‍കിയിരുന്ന ജാമ്യം റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റിലായ ആര്‍ഷോ 2022 ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് 2023 ജനുവരിയില്‍ കോടതി ജാമ്യം റദ്ദാക്കിയെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ ബഞ്ചില്‍ ആര്‍ഷോയുമായി ബന്ധപ്പെട്ട കേസുണ്ട്. ഈ കേസാണ് ഈ ആക്ഷേപത്തിന് അടിസ്ഥാനമെന്നാണ് സൂചന.

തുടര്‍ന്ന് ആര്‍ഷോ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതുവരെ ഹൈക്കോടതി ജാമ്യം നല്കിയിട്ടില്ല. ഈ മാസം 11 ന് കേസ് പരിഗണിച്ചെങ്കിലും ജാമ്യം ലഭിച്ചിട്ടില്ല. പ്രോസിക്യൂഷന്‍ ആര്‍ഷോയ്ക്ക് ജാമ്യം ലഭിക്കുന്ന വിധത്തില്‍ കാലുമാറിയതോടെ വാദി തന്നെ കേസില്‍ കക്ഷിചേരുകയായിരുന്നു. ഇതോടെ കേസ് വീണ്ടും മാറ്റിവച്ചു. ഈ കേസിലെ വസ്തുതകളാണ് രാജ്ഭവന്‍ തേടുന്നത്. ആര്‍ഷോയ്ക്ക് ജാമ്യം ഉണ്ടെന്നാണ് എസ് എഫ് ഐ വിശദീകരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം രാജ്ഭവന്‍ പരിശോധിക്കുന്നുണ്ട്. ആരോപണം ശരിയാണെങ്കില്‍ പൊലീസിനും ആര്‍ഷോക്കും പണികിട്ടുമെന്നുറപ്പാണ്.