കട്ടപ്പന: യുവതിയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മുഖത്തിടിച്ച ശേഷം കടന്നു പിടിച്ച പതിനാറുകാരന്‍ കസ്റ്റഡിയില്‍. കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. യുവതിയും ഭര്‍ത്താവും മാത്രമാണ് ഇവിടെ താമസം. ഭര്‍ത്താവ് കട്ടപ്പനയില്‍ ജോലിസ്ഥലത്തായിരുന്നതിനാല്‍ യുവതി തനിച്ചാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
ആരോ വിളിക്കുന്നത് കേട്ട് ഭര്‍ത്താവാണെന്നു കരുതി യുവതി വാതില്‍ തുറന്നയുടന്‍ അക്രമി മുഖത്തു മുളക് പൊടി വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് യുവതിയുടെ മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ആദ്യം ഒരു നിമിഷം അമ്പരന്ന യുവതി പെട്ടെന്ന് മനോബലം വീണ്ടെടുത്ത് ഇയാളെ തിരിച്ച് പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ചു.
മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമി. ചെറുത്തു നിന്ന യുവതിയെ കീഴ്‌പ്പെടുത്താനാകുന്നില്ലന്ന് കണ്ടതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു. ഈ സമയം പിന്നാലെയെത്തിയ യുവതി ഉറക്കെ നിലവിളിച്ച് ആളെ കൂട്ടിയതോടെ ആക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് ഭര്‍ത്താവിനെ വിവരം അറിയിച്ച് വീട്ടിലേക്ക് വരുത്തി പൊലീസില്‍ പരാതി നല്‍കി.
പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തത്. 16 കാരന്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ നോട്ടീസ് നല്‍കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ജ്യുവനൈല്‍ ആക്ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കും. പീഡനശ്രമം, വീടിനുള്ളില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.