ഖുർആൻ മാനവതയുടെ വഴികാട്ടിയാണ്; എം എസ് എം മെമ്മറൈസ്

Malappuram

പുളിക്കൽ: കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ എം എസ് എം സംസ്ഥാന സമിതി റമദാൻ കാലയളവിൽ സംഘടിപ്പിച്ചു വരുന്ന വിശുദ്ധ ഖുർആൻ ഹിഫ്‌ദ് മത്സരം ‘മെമ്മറൈസ് ‘ സമാപിച്ചു. ഹാഫിദ് നൗഫൽ സ്വലാഹി, ഹാഫിദ് ഇസ്സുദ്ദീൻ സ്വലാഹി, ഹാഫിദ് അബ്ദുറഹ്മാൻ തിരൂർക്കാട് എന്നിവർ വിധി നിർണ്ണയത്തിന് നേതൃത്വം നൽകി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഹാഫിദ റിഫ ഫാത്തിമ വടക്കൻ (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഹാഫിദ ഹിബ നൗഷാദ് കെ എം (മലപ്പുറം), ഹാഫിദ അദീബ സി കെ (കോഴിക്കോട്) രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ആൺട്ടികളുടെ വിഭാഗം മൽസരത്തിൽ നിന്നും ഹാഫിദ് ഫസ്സ അൻവർ (മലപ്പുറം) ഒന്നാം സ്ഥാനം നേടി. ഹാഫിദ് അർഷദ് ടീ എ (വയനാട്) രണ്ടാം സ്ഥാനവും ഹാഫിദ് അഹമദ് നൈസാം വി പി (പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. അബ്ദുറഷീദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഖുർആനിൻ്റെ അവതരണം കൊണ്ടും ഖുർആൻ പഠനത്തിനും പാരായണത്തിനും സവിശേഷകരമായ പ്രാധാന്യം നിലനിൽക്കുന്നതുമായ റമദാൻ മാസത്തിൽ ഹൃദയങ്ങളിലുള്ള ഖുർആൻ വാക്യങ്ങൾ ജീവിത ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിക്കുവാൻ ഇത്തരം മത്സരങ്ങൾ കൊണ്ട് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം എസ് എം സംസ്ഥാന പ്രസിഡണ്ട് അമീൻ അസ്ലഹ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്‌ഫി ഇംറാൻ സ്വലാഹി, വൈസ് പ്രസിഡൻ്റുമാരായ സഅദുദ്ദീൻ സ്വലാഹി, അബ്ദുസ്സലാം ശാക്കിർ, ജംഷീദ് ഇരിവേറ്റി, സെക്രട്ടറിമാരായ ഷഫീക് ഹസ്സൻ, മഹ്സൂം അഹമ്മദ്, എക്സിക്യൂട്ടിവ് ഭാരവാഹികളായ ജംഷീദലി സലഫി, സഹദ് യൂനുസ്, എന്നിവർ സംസാരിച്ചു.