തിരുവനന്തപുരം: ആറാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒന്‍പതിന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. വൈകിട്ട് മൂന്ന് മണിക്ക് കവടിയാര്‍ വിമന്‍സ് ക്ലബ്ബില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വി കെ പ്രശാന്ത് എം എല്‍ എ അധ്യക്ഷനാകും. സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ പിതാവ് അഗസ്ത്യ മുനിയുടെ ജന്മദിനമാണ് ദേശീയ സിദ്ധ ദിനമായി ആചരിക്കുന്നത്. ദേശീയ ആയുഷ് മിഷന്‍ കേരളവും ഭാരതീയ ചികിത്സ വകുപ്പും ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജും പൂജപ്പുര സിദ്ധ റീജിണല്‍ ഇന്‍സ്റ്റിറ്റിയൂട്ടും സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് ദിനാചാരണം സംഘടിപ്പിക്കുന്നത്.
ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഭാരതീയ ചികിത്സ വകുപ്പ് ഡയരക്ടര്‍ കെ എസ് പ്രീയ, പൂജപ്പുര സിദ്ധ റീജിണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അസി:ഡയരക്ടര്‍ ഡോ എ കനകരാജന്‍, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ ഹരികൃഷ്ണന്‍ തിരുമംഗലത്ത്, ഹോമിയോപ്പതി വകുപ്പ് ഡയരക്ടര്‍ ഡോ എം.എന്‍. വിജയാംബിക, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ കെ ബെറ്റി, ഹോമിയോപ്പതി ദേശീയ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ ആര്‍ ജയനാരായണന്‍, സിദ്ധ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ എ സ്മിത, നാഷണല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ സജി പി ആര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി മുഖ്യാതിഥിയാകും. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങില്‍ ആദരിക്കും. ദിനാചാരണത്തിന്റെ ഭാഗമായി സിദ്ധവൈദ്യത്തെ സംബന്ധിച്ച പ്രദര്‍ശനമേളയും തനത് ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നുണ്ട്. സൗജന്യ നാഡീരോഗനിര്‍ണയം, നാഡീശാസ്ത്രത്തെ സംബന്ധിച്ച പ്രദര്‍ശനം, മര്‍മ്മ ചികിത്സ, ലൈവ് തെറാപ്പി തുടങ്ങിയവയെല്ലാം പ്രദര്‍ശനമേളയില്‍ ഒരുക്കിയിട്ടുണ്ട്.
ശാന്തിഗിരി കമ്മ്യൂണിറ്റി കിച്ചന്റെയും ദേശീയ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരമ്പരാഗത ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ദിനാചാരണത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. പ്രദര്‍ശന മേളയിലേക്കും ഭക്ഷ്യമേളയിലേക്കും പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന ദിനമായ നാളെ രാവിലെ 10ന് ‘ആരോഗ്യകരമായ ജീവിതത്തിന് സിദ്ധ ഭക്ഷണ രീതികളും പോഷകാഹാരവും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകിട്ട് അഞ്ചു മുതല്‍ ഏഴ് വരെ ആഹാരമാണ് ഔഷധം എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും തുടര്‍ന്ന് നേമം അഗസ്ത്യം കളരി അവതരിപ്പിക്കുന്ന കളരിപ്പയറ്റ് ഷോയും നടക്കും. കവടിയാര്‍ വിമന്‍സ് ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പരിപാടി ഈ മാസം 13ന് സമാപിക്കും. 13ന് വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.