കോഴിക്കോട് : മെഡിക്കൽ കോളേജിന് സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ കുടിശികയായ 23.14 കോടി രൂപ അടയ്ക്കാത്തതിനെ തുടർന്ന് ഏപ്രിൽ 1 മുതൽ കമ്പനി വിതരണം നിർത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 2 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂണിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
മുമ്പ് വിതരണം ചെയ്തിരുന്ന സ്റ്റെന്റ്, പേസ്മേക്കർ, ബലൂൺ, കത്തീറ്റർവയർ, ഗൈഡ് വയർ, വാൽവ് തുടങ്ങിയവ ഒരാഴ്ച കഴിഞ്ഞാൽ തീരുമെന്നാണ് വിവരം. അങ്ങനെ വന്നാൽ ഹൃദയ ശസ്ത്രക്രിയകൾ നിലയ്ക്കും. ഹൃദയ ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതൽ നിർത്തിവയ്ക്കുമെന്നുള്ള കത്ത് ഡിസംബർ 31 ന് അധികൃതർക്ക് നൽകിയിരുന്നുവെന്നാണ് പറയുന്നത്. മാർച്ച് 31 നകം പണം നൽകാത്തതുകൊണ്ടാണ് ഉപകരണങ്ങളുടെ വിതരണം സംസ്ഥാനത്തൊട്ടാകെ നിലച്ചതെന്നാണ് പരാതി.