കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ഥന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ഏറ്റെടുത്തു. നാല് സി ബി ഐ ഉദ്യോഗസ്ഥരാണ് ഇന്നലെ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയത്. സി ബി ഐ എസ് പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്പറ്റ ഡിവൈ എസ് പി ടി എന്‍ സജീവില്‍ നിന്ന് സി ബി ഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. സംഘം ഇന്ന് വയനാട്ടിലെത്തി അന്വേഷണം തുടങ്ങും. സി ബി ഐ സംഘം സിദ്ധാര്‍ത്ഥന്റെ വീട്ടുകാരുടെയും സഹപാഠികളുടെയും മൊഴിയെടുക്കും.
സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡി ജി പിയോട് വിശദീകരണം തേടി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്. ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.