പിണറായി സര്‍ക്കാറിന് അരും കൊലയും വെറും രാഷ്ട്രീയം: കെ.എം ഷാജി

Kozhikode

കോഴിക്കോട്: പോക്‌സോ കേസ്സില്‍ പ്രതിയുടെ പേരില്‍ പണം തട്ടിച്ച കേസിലുള്‍പ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള അഡ്വ.ടി.ഷാജിതിനെ തന്നെ റിയാസ് മൗലവി കേസിലെ ഹൈക്കോടതിയിലെ അപ്പീലില്‍ പ്രോസിക്യൂട്ടറായി വെക്കുന്നത് ദുരൂഹമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ജനങ്ങളെയാകെ ഞെട്ടിച്ച അറും കൊലയും പിണറായി വിജയന് വെറും രാഷ്ട്രീയക്കളിയാണെന്നും കെ.എം ഷാജി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പള്ളിയില്‍ ഉറങ്ങിക്കിടന്ന പാവപ്പെട്ട റിയാസ് മൗലവിയെ കൊന്നുതള്ളിയ ആര്‍.എസ്.എസുകാരെയെല്ലാം വെറുതെ വിട്ടത് സര്‍ക്കാറിന്റെ തിരക്കഥ അനുസരിച്ച് തന്നെയാണ്. പ്രോസിക്യൂഷന്റെ വീഴ്ചമൂലമാണ് റിയാസ് മൗലവി കേസിലെ പ്രതികളായ ആര്‍.എസ്.എസുകാരെല്ലാം രക്ഷപ്പെട്ടതെന്ന ആരോപണം ഗൗരവത്തോടെ കാണണം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണ് റിയാസ് മൗലവി കേസ്സില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത്. സമാനമായി 2013 ല്‍ കൊല്ലെപ്പെട്ട 2019ല്‍ പ്രതികളെ വെറുതെ വിട്ട സാബിത് വധക്കേസ്സില്‍ ഇന്നേവരെ സര്‍ക്കാര്‍ അപ്പീല്‍ പോയിട്ടില്ല. പിണറായി ഭരിക്കുമ്പോഴാണ് റിയാസ് മൗലവി കൊല്ലപ്പെട്ടതും വിചാരണ നടന്നതും ആര്‍.എസ്.എസുകാരെല്ലാം രക്ഷപ്പെട്ടതും. ബാലുശ്ശേരിയില്‍ പോക്‌സോ കേസ് പ്രതിയുടെ പണം അടിച്ചു മാറ്റിയെന്ന കേസ്സില്‍ പ്രതിയാണ് റിയാസ് മൗവലി കേസ്സിലെ പ്രോസിക്യൂട്ടര്‍ അഡ്വ.ടി.ഷാജിത്. പോക്‌സോ കേസിലെ പ്രതിയില്‍ നിന്ന് 40 ലക്ഷം രൂപ വാങ്ങി ഇരക്ക് കൊടുക്കാതിരുന്നതിന്റെ പേരിലാണ് വഞ്ചനാ കേസ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തന്റെ ആരോപണം. വഞ്ചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയില്‍ നിന്ന് കക്ഷിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പിച്ച് പറയാനാവുമോ. കേസ്സ് റദ്ദാക്കാന്‍ അഡ്വ.ടി.ഷാജിത് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കൂട്ടാക്കാതെ അടുത്ത 17 വരെ സ്‌റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്.

എന്നാല്‍, സി.പി.എമ്മിന്റെ ഇഷ്ടക്കാരനാണെന്ന ഒറ്റക്കാരണത്താലാണ് പരാജയപ്പെട്ട അതേ പ്രോസിക്യൂട്ടറെ തന്നെ ഹൈക്കോടതിയിലും നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാതലമുള്ള മുഖ്യമന്ത്രി നയിക്കുന്ന ആഭ്യന്തര വകുപ്പില്‍ നിന്ന് സത്യസന്ധമായ സമീപനമുണ്ടാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ ബോംബ് ഉണ്ടാക്കാന്‍ പോകുന്നില്ല, അവര്‍ പൈസ ഉണ്ടാക്കാനാണ് പോകുന്നത്. കൊലപാതകം നടത്തുന്നവരെയും ബോംബുണ്ടാക്കുന്നവരുമായ പാര്‍ട്ടിക്കാരെ തള്ളിപ്പറയുന്ന സി.പി.എം അവരെ സംരക്ഷിക്കുന്നതും പുതിയ സംഭവമല്ല, സി.പി.എമ്മിന് ഏറ്റവും നല്ല തിരഞ്ഞെടുപ്പ് ചിഹ്നം ബോംബാണ്. വടകരയില്‍ ഉണ്ടായ വിഭ്രാന്തിയാണ് ബോംബ് ഉണ്ടാക്കാന്‍ സി.പി.ഐ.എമ്മിനെ പ്രേരിപ്പിച്ചത്.
മുസ്്‌ലിം ലീഗിന്റെ കൊടിയുടെ കാര്യത്തില്‍ പിണറായിക്ക് വല്ലാത്ത സ്‌നേഹമാണെന്നും ഷാജിയുടെ പരിഹാസിച്ചു. പച്ച ബോര്‍ഡും ബ്ലൗസും പറ്റില്ലെന്ന് പറഞ്ഞവരാണ് സി.പി.എം. പച്ച കാണുമ്പോള്‍ ഭ്രാന്ത് പിടിക്കുന്നവരാണ് സിപിഎം. പിണറായിയുടെ ചെലവിലല്ല ലീഗ് പ്രവര്‍ത്തിക്കുന്നത്. കൊടിയും പച്ചയുമല്ല ലീഗിന്റെ പ്രശ്‌നം, ആശയമാണ് പ്രധാനം. മുസ്‌ലിം ലീഗ് കൊടി കെട്ടുന്നത് പിണറായിയുടെ ചെലവില്‍ അല്ല. കൊടി എവിടെ കെട്ടണം എന്ന് പോലും നിശ്ചയിക്കാന്‍ കഴിയാത്തവരാണ് സി.പി.എം. മാഹിക്ക് ഇപ്പുറം രാഹുല്‍ ഗാന്ധിയെ തെറി പറയും, മാഹിയില്‍ രാഹുല്‍ ഗാന്ധിയെ വേണം. അരഗതിയും പരഗതിയും ഇല്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്നും ഷാജി പറഞ്ഞു.