ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

Alappuzha

ആലപ്പുഴ: ബൈക്ക് ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. ആലപ്പുഴ ജില്ലയിലെ പുറക്കാട് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുറക്കാട് സ്വദേശി സുദേവ്, മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൂവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ക്ഷേത്ര ദര്‍ശനത്തിന് ബൈക്കില്‍ പോകുകയായിരുന്നു കുടുംബം. ഇതിനിടെ മത്സ്യവുമായി വന്ന സൈക്കിളില്‍ തട്ടി, നിയന്ത്രണം വിട്ട വണ്ടി ലോറിയില്‍ ഇടിക്കുകയായിരുന്നു. സുദേവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആദിദേവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വിനീത വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.