പി വി. ഗംഗാധരന്‍റെ സ്മരണയ്ക്കായി കോഴിക്കോട്ട്ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും

Kozhikode

കോഴിക്കോട് :അന്തരിച്ച ചലച്ചിത്ര നിർമ്മാതാവ് പി വി ഗംഗാധരന്റെ ഓർമ്മയ്ക്കായി വെളളിമാട്കുന്ന് ജെൻഡർ പാർക്കിൽ നടത്തുന്ന ദ്വിദിന ചലച്ചിത്രശില്പശാല ‘ഗംഗാതരംഗ’ത്തിൻ്റെ ഉദ്ഘാടനം ഈ മാസം 5 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സംവിധായകൻ സിബി മലയിൽ നിർവഹിക്കും.

തിരക്കഥ, സംഭാഷണം, സംവിധാനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ക്യാമ്പിൽ 18-നും 30-നും ഇടയിൽ പ്രായമുളള യുവതിയുവാക്കളാണ് പങ്കെടുക്കുന്നത്. നൂറോളം എൻട്രികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. തിരക്കഥാകൃത്താവാനും സംവിധായകനാവാനും വഴിയൊരുക്കുന്ന ശില്പശാലയിൽ പരചയസമ്പന്നരായ സംവിധായകർ സത്യൻ അന്തിക്കാട്, സിബി മലയിൽ, തരുൺമൂർത്തി, വിധു വിൻസെൻ്റ്, എന്നിവരും തിരക്കഥാകൃത്തുക്കളായ സഞ്ജയ്, പി.വി. ഷാജികുമാർ, ആദർശ്, പോൾസെൻ എന്നിവരും പങ്കെടുക്കും.

6-ന് വൈകുന്നേരം 3 മണിക്കു നടക്കുന്ന സമാപനസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം ടൂറിസം വകുപ്പു സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.ക്യാമ്പംഗങ്ങൾ നിർമ്മിച്ച കൊച്ചുസിനിമകൾ വിലയിരുത്തി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും നല്ല മൈക്രോ മൂവിക്കുള്ള ഉപഹാരവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും അദ്ദേഹം സമ്മാനിക്കും.
മേയർ ഡോ. ബീന ഫിലിപ്പ് പഴയകാല പിന്നണിഗായിക മച്ചാട്ട് വാസന്തിക്കുള്ള കൈത്താങ്ങ് സമ്മാനിക്കും.

ചടങ്ങിൽ കെ.ടി.സി. ഗ്രൂപ്പ് മാനേജിങ് പാർട്‌ണറും മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആമുഖപ്രഭാഷണം നടത്തും. ഒരു വടക്കൻ വീരഗാഥയുടെ എൽ.പി. റിക്കാർഡ് എം.കെ. രാഘവൻ എം.പി. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് നൽകി പുറത്തിറക്കും. ഗംഗാതരംഗം ചലച്ചിത്ര ശില്പശാലയുടെ ഡയറക്ടർ ജിയോ ബേബിയെ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അനുമോദിക്കും.

തുടർന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പ്രശസ്ത ചലച്ചിത്രതാരം സംയുക്ത വർമ്മ എന്നിവർ പ്രസംഗിക്കും. പി.വി. നിധീഷ് സ്വാഗതവും ശ്രീമതി ഷെഗ്ന നന്ദിയും പറയും, കലാമൂല്യമുളള 23-ഓളം ജനപ്രിയ സിനിമകളുടെ നിർമ്മാതാവും കെ.ടി.സി. പാർണേറും മാതൃഭൂമി ഹോൾടൈം ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരൻ വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നു.
പി.വി. ഗംഗാധരൻ്റെ സ്മരണയക്കായി കോഴിക്കോട്ട് കേന്ദ്രീകരിച്ച്‌ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതിൻ്റെ തുടക്കം എന്ന നിലയിലാണ് ഈ ചലച്ചിത്ര ശില്പശാല തുടങ്ങിയതെന്ന് മക്കളായ ഷേർഗയും ഷെഗ്നയും പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ പി വി ചന്ദ്രൻ ,പി വി നിധീഷ്, അഡ്വ. എം രാജൻ പുത്തൂർമഠം ചന്ദ്രൻ, കെ ആര്‍ പ്രമോദ്, ഷെനൂഗ, ഷെഗ്ന, ഷേർഗ എന്നിവർ പങ്കെടുത്തു.