ആലപ്പുഴ : കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ സലഫി ശാഖയുടെ നേതൃത്വത്തിൽ പഠന ക്ലാസ്സും ഇഫ്താർ സംഗമവും നടത്തി. ശാഖ പ്രസിഡന്റ് സാഹിബ് ജാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ. എം. നസീർ സ്വാഗതം ആശംസിച്ചു സൗഹൃദ ഇഫ്താർ സംഗമം കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ. പി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മദ്യ വിരുദ്ധ സമര സമിതി ചെയർമാൻ കൈമൾ കരുമാടി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരിയിൽ തകർന്നടിയുന്ന യുവജന വിഭാഗത്തെ നേർവഴിയിൽ കൊണ്ട് വരുവാൻ ജാതി, മതം ഭേദമന്യേ നമുക്ക് ഒരുമിച്ച് കൈകോർക്കുവാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറി എം. ടി മനാഫ് മാസ്റ്റർ വഴി തെറ്റുന്ന യുവത്വത്തിന് വഴികാട്ടിയായി ഖുർആൻ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. നാട്ടിൽ പടർന്നു പന്തലിക്കുന്ന ലഹരി യുവജന വിഭാഗത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നതായും ഇതിനെതിരെ നമ്മൾ മുൻ കാലഘട്ടങ്ങളിൽ ഇസ്‌ലാമികമായ നിയമം ഖുർആനിലൂടെ പ്രവാചകന്റെ കാലത്ത് വന്നപ്പോൾ ജനകീയ നന്മ ആഗ്രഹിക്കുന്ന പ്രവാചകന്റെ അനുയായികൾ നടപ്പിലാക്കിയത് മദ്യവും, ലഹരിയും ജന സമൂഹത്തിന് ദോഷമാണ് എന്ന വ്യക്തമായ തിരിച്ചറിവ് ഉണ്ടായതിനാലും ഖുർആൻ അക്ഷരം പ്രതി അനുസരിക്കുന്ന സമൂഹവുമായതിനാലാണ് എന്ന് മുഖ്യ പ്രഭാഷണത്തിൽ സദസ്സിനെ ഉണർത്തി സംസാരിച്ചു.

ആശംസകൾ നേർന്നു കൊണ്ട് എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. ബേനസീർ കോയ തങ്ങൾ, മുൻ എം എൽ എ യും കെ പി സി സി സെക്രട്ടറിയുമായ എ. എ. ഷുക്കൂർ എന്നിവർ സംസാരിച്ചു. തുടർന്ന് സൗഹൃദ ഇഫ്താർ നടന്നു. ആദർശ രംഗത്ത് കെ എൻ എം മർക്കസു ദ്ദഅവയുടെ ഉറച്ച നിലപാടുകളും സംഘടനാ പ്രവർത്തനങ്ങളുടെ നിരന്തരമുള്ള പ്രയത്നവുമാണ് ഇപ്പോൾ നടന്നു വരുന്ന പഠന ക്ലാസ്സുകളിലും ഇഫ്താർ സംഗമങ്ങളിലും സ്ത്രീകളുടെയും, പുരുഷൻമാരുടെയും, കുട്ടികളുടെയും സാന്നിധ്യമെന്ന് സംഘാടകർ അറിയിച്ചു.