ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കാമുകിയെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

Crime

ഭോപ്പാല്‍: കാമുകിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം കൊലപ്പെടുത്തിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. മലയാളിയായ നഴ്‌സ് മായയുടെ കൊലപാതകത്തിലാണ് പ്രതി ദീപക് കത്തിയാര്‍ പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു.

ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. നാല് വര്‍ഷം പരിചയത്തിലായിരുന്ന മായയും ദീപക്കും പ്രണയത്തിലാവുകയായിരുന്നു. ഒരേ ആശുപത്രിയില്‍ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്.

ദീപക് കത്തിയാര്‍ മറ്റൊരു വിവാഹം ചെയ്തതോടെ ഇരുവരും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയ മായയുമായി ശാരീരികമായി ബന്ധത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കഴുത്തുഞെരിച്ചാണ് ദീപക് മായയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

കൊലയ്ക്ക് ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞ് മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊല നടത്തിയത് സമ്മതിച്ചത്.