അടിമാലി: കാട്ടാന വഴിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ പിഞ്ചുകുഞ്ഞ് മരിച്ചു. വാളറ കുളമാന്‍കുടിക്ക് സമീപം പാട്ടിടുമ്പു ആദിവാസി കോളനിയിലെ രവി-വിമല ദമ്പതികളുടെ 22 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
കുഞ്ഞിന് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഇറങ്ങിയെങ്കിലും വഴിയില്‍ കാട്ടാന നിലയുറപ്പിച്ചതിനാല്‍ യാത്ര മുടങ്ങി. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.
ആദിവായി കുടിയില്‍ നിന്ന് വാളറ ദേശീയ പാതയില്‍ എത്താന്‍ മൂന്ന് കിലോമീറ്റര്‍ സഞ്ചരിക്കണം. അച്ഛനും അമ്മയും കുഞ്ഞിനെയുമെടുത്ത് വെള്ളിയാഴ്ച ഇറങ്ങിയെങ്കിലും കാട്ടുപാതയില്‍ കാട്ടാന ഇറങ്ങിയെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തിരികെ വീട്ടിലേയ്ക്ക് തന്നെ പോകുകയായിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞെങ്കിലും മരണം സംഭവിക്കുകയായിരുന്നു.