പത്തനംതിട്ട: പ്രണയപ്പകയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുവാക്കളെ റിമാന്റ് ചെയ്തു. തിരുവല്ല തുകലശ്ശേരിക്ക് സമീപം രണ്ടു ദിവസം മുമ്പ് 28കാരിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ കോട്ടത്തോട് സ്വദേശികളായ വിഷ്ണു, അക്ഷയ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.
യുവതി ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. യുവതിയെ സുഹൃത്തായിരുന്ന വിഷ്ണു അടുത്തേക്ക് വിളിച്ചു. ഇയാളോട് പ്രതികരിക്കാതെ മറ്റൊരു വഴിയിലുടെ മാറി നടന്നതോടെ എതിര്‍വശത്തുകൂടി കാറോടിച്ച് വന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ യുവതിയുടെ കയ്യൊടിയുകയും തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം കണ്ട സമീപവാസികള്‍ ഓടിയെത്തിയാണ് യുവതിയെ രക്ഷിച്ചത്. യുവതിയില്‍ നിന്നും മൊഴിയെടുത്ത പൊലീസ് വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രതികളായ വിഷ്ണുവിനേയും അക്ഷയിയേയും കുറ്റപ്പുഴയില്‍ നിന്ന് പിടികൂടിയത്.