സാഹോദര്യത്തിന്‍റെ സന്ദേശം പകര്‍ന്നു നല്‍കുക: സയ്യിദ് മുഹമ്മദ്‌ ശാക്കിർ

Kozhikode

കോഴിക്കോട് : വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തിന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് സയ്യിദ് മുഹമ്മദ്‌ ശാക്കിർ അഭിപ്രായപെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷൻ കല്ലായിൽ സംഘടിപ്പിച്ച ഈദ് ഗാഹിന് അദ്ദേഹം നേതൃത്വം നൽകി.

സാഹോദര്യവും, മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കേണ്ട സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നാം വിസ്മരിക്കരുത്,

വിശ്വാസ വിമലീകരണവും, സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാന്‍ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം.

ആഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം, എന്നിരിക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷവേളയില്‍ നാം അനുകരിക്കരുത്.

സഹജീവികളോടുള്ള കരുണയും, കരുതലും നമ്മുടെ ആഘോഷത്തില്‍ പ്രതിഫലിക്കണം.നീതിബോധത്തോടെ വേണം നമ്മുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും ക്രമീകരിക്കേണ്ടതെന്നത് നാം വിസ്മരിക്കരുത്.

ജലദൗർലഭ്യം അനുഭവിച്ച് കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ജലം പങ്കുവെക്കുവാനും അർഹരായവർക്ക് എത്തിച്ച് നൽകുന്നിടത്ത് നമ്മുടെ ദൗത്യം വിസ്മരിക്കരുതെന്നും ഈദ് പ്രഭാഷണത്തിൽ ഓർമ്മപ്പെടുത്തി.

ഫാഷിസവും, ലിബറലിസവും സാമൂഹിക ജീവിതത്തില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വിശ്വാസത്തിന്റെ മൗലികതയില്‍ നിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്നത് നാം തിരിച്ചറിയണം.

പാലസ്തീന്‍ ജനതക്ക് നേരേ ഇസ്രാഈല്‍ നടത്തുന്ന വംശീയഹത്യ ലോകത്തെ തുല്യതയില്ലാത്ത ക്രൂരതയാണ്. നിരായുധരായ സ്ത്രീകളോടും കുട്ടികളോടും കാണിക്കുന്ന ക്രൂരതക്കെതിരെ ലോക മനസാക്ഷിയുടെ മൗനവും അങ്ങേയറ്റം വേദനാജനകമാണെന്നും ഈദ് പ്രഭാഷണത്തില്‍ പറഞ്ഞു. പ്രഖ്യാപിത യുദ്ധവേളയിൽ പോലും കുട്ടികളെയും, സ്ത്രീകളെയും അക്രമിക്കരുതെന്നും, ഫലവൃക്ഷങ്ങൾ നശിപ്പിക്കരുതെന്നും പഠിപ്പിച്ച മതമാണ് ഇസ് ലാമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.