വെറുപ്പിന്‍റെ ചൂടിനെ ശമിപ്പിക്കുന്ന കാഴ്ച, ഈദ് ഗാഹിൽ സ്നേഹ വിരുന്നൊരുക്കി അയൽവാസികൾ

Kozhikode

കോഴിക്കോട്: വിദ്വേഷവും വെറുപ്പും വ്യാപകമാകുന്ന കാലത്ത് സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മധുരം പകർന്ന് നൽകിയ കല്ലായി ഗണപത് ഹൈസ്ക്കൂൾ ഗ്രൗണ്ടിലെ ഈദ്ഗാഹ് മനസ്സിന് കുളിർമ്മയേകി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സുധാമണിയും സുകൂൾ സമീപവാസികളുമാണ് ഈദ്ഗാഹിലേക്ക് വന്ന ആയിരത്തിൽപരം ആളുകൾക്ക് മധുരം വിതരണം ചെയ്തത്.

വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കല്ലായി ഗവണ്‍മെന്‍റ് ഗണപത് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഈദ് ഗാഹിലാണ് കുളിര് പകർന്ന ഈ കാഴ്ച.

കൗൺസിലർ സുധാമണിയുടെ നേതൃത്വത്തിൽ സുരേഷ് ബാബു, ജോണി, രാംദാസ്,വിമൽ, ബൈജു കാലകണ്ടി ,വിജയകുമാർ, രഘു ലാൽ, സൂരജ്, അനീഷ്, ഷിബു, കണ്ണൻ വിഷ്ണു, അക്ഷർലാർ .അഭിജിത്ത്,ആളുകളുടെ സഹകരണത്തോടെയാണ് ഈദ്ഗാഹിൽ പങ്കെടുക്കാൻ വരുന്നവർക്കായി നാരങ്ങാവെള്ളവും, കാരക്കയും , മറ്റു പലഹാരങ്ങളും നൽകി സ്വീകരിച്ചത്.

ഈദ്ഗാഹിൽ പങ്കെടുക്കാൻ വന്നവരാകട്ടെ കോഴിക്കോടൻ വിഭവങ്ങൾ സമീപവാസികൾക്ക് നൽകാൻ എന്നോണം കരുതിയാണ് വന്നിരുന്നത്.

ആദർശപരമായ വിയോജിപ്പ് നില നിൽക്കുമ്പോഴും സ്നേഹിക്കുവാനും, ഐക്യപ്പെടാനും ,മധുരം പങ്കിടാനും വിവിധ വഴികൾ തേടുന്നവരും ഉണ്ടെന്ന് വരുമ്പോഴാണ് നാട്ടിൽ സമാധാനാന്തരീക്ഷം നിലനിൽക്കുക.

വിശ്വാസ, ആചാര അനുഷ്ഠാനങ്ങളോട് യോജിക്കുകയും, വിയോജിക്കുകയും ചെയ്യുമ്പോഴും അതനുഷ്ഠിക്കുന്ന മനുഷ്യനെ ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുമ്പോഴാണ് വിദ്വേശ പ്രചാരണം ശക്തിപ്പെട്ടു വരുന്ന നാട്ടിൽ സൗഹാർദ്ദത്തിൻ്റെ പുതിയ വർത്തമാനങ്ങൾ സൃഷ്ടിക്കപ്പെടണം എന്ന സന്ദേശമാണ് ഇത് ഉയർത്തുന്നത്.
പ്രാർഥനക്ക് ശേഷം ഖത്തീബിനും, സംഘാടകർക്കും സമീപത്തെ അയ്യപ്പഭജന ഓഫീസിലാണ് ചായയും പലഹാരങ്ങളും നൽകി വിരുന്നൊരുക്കിയത്.